HOME
DETAILS
MAL
ദേവനന്ദയുടെ മരണം: ഫൊറന്‍സിക് സംഘം ഇന്നെത്തും; വെല്ലുവിളികളേറെ
backup
March 04 2020 | 01:03 AM
കൊല്ലം: ദുരൂഹ സാഹചര്യത്തില്‍ ആറുവയസുകാരി ദേവനന്ദ ഇത്തിക്കര ആറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഫൊറന്‍സിക് സംഘത്തിന് ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി പ്രൊഫസര്‍ ശശികല നെടുമങ്ങാട് കോടതിയില്‍ പോയതിനാലാണ് എത്തിച്ചേരാന്‍ കഴിയാതിരുന്നത്.
കേസ് അന്വേഷിക്കുന്ന പൊലിസ് സംഘത്തിന്റെ ആവശ്യപ്രകാരമാണ് സംഘം ഫൊറന്‍സിക് പരിശോധനക്ക് എത്തുന്നത്. ഇന്നലെ രാവിലെ മുതല്‍ സംഘത്തെ പ്രതീക്ഷിച്ച് പൊലിസും നാട്ടുകാരും കാത്തിരുന്നെങ്കിലും വൈകിട്ടാണ് സംഘത്തിന് എത്താന്‍ കഴിയില്ലെന്ന അറിയിപ്പ് ലഭിച്ചത്. ഇന്ന് രാവിലെ ഫൊറന്‍സിക് സംഘം എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അതിനിടെ, പഴുതടച്ച അന്വേഷണത്തിലാണ് പൊലിസ്. ബന്ധുക്കള്‍ സൂചിപ്പിച്ച സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെള്ളത്തില്‍ മുങ്ങിമരിച്ചെന്നാണ് വ്യക്തമാക്കുന്നതെങ്കിലും മരിക്കുന്നതിന് മുന്‍പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പുഴയിലേക്ക് കുട്ടി വീണതില്‍ അസ്വാഭാവികതയുണ്ടെന്ന നേരിയ സംശയമെങ്കിലും ഫൊറന്‍സിക് സംഘത്തിന് ബോധ്യപ്പെട്ടാല്‍ സംശയ നിഴലിലുള്ളയാളെ കസ്റ്റഡിയിലെടുത്തേക്കും. വീടുമായും കുട്ടിയുമായും അടുത്തിടപഴകുന്ന ആള്‍ക്ക് കുട്ടിയെ ബലപ്രയോഗം കൂടാതെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുമെന്നാണ് നിഗമനം. സംശയങ്ങളും നിഗമനങ്ങളും ഏറെയുണ്ടെങ്കിലും തെളിവുകളില്ലാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.
ഏറെ സങ്കീര്‍ണതകളുള്ള കേസ് സംസ്ഥാനത്ത് ആദ്യമെന്നാണ് പൊലിസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദേവനന്ദയുടെ ശരീരം ജീര്‍ണിച്ചു തുടങ്ങിയിരുന്നു എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. വയറ്റില്‍ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെടുക്കുന്നതിന് 18-20 മണിക്കൂറുകള്‍ക്കിടയ്ക്കാണു മരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇനി ലഭിക്കാനുള്ളത് ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലമാണ്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികള്‍ പൊലിസ് വീണ്ടും എടുത്തിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയത്തെ പൊലിന് മുഖവിലക്കെടുക്കാതിരിക്കുന്നില്ല. ദുരൂഹത നിറഞ്ഞതും സങ്കീര്‍ണവുമായ കേസ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നതിനാല്‍ പൊലിസും തികഞ്ഞ ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."