ആശങ്കക്കു അടിസ്ഥാനമില്ല, വേണ്ടിവന്നാല്‍ രാജ്യത്തിനുപുറത്തു നിന്നും അരിയെത്തിക്കും: മുഖ്യമന്ത്രി
നെടുമങ്ങാട്: വിലക്കയറ്റം സൃഷ്ടിച്ച് സര്‍ക്കാരിനെയും ജനങ്ങളെയും വിഷമിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വേണ്ടിവന്നാല്‍ ഇന്ത്യക്ക് പുറത്തുനിന്നുപോലും അരികൊണ്ടുവന്ന് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് .
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹകരണ അരിക്കടയുടെ സംസ്ഥാനതല ഉദ്ഘാടനം കരകുളം ഏണിക്കരയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആദ്ദേഹം.
ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയതോടെ സംസ്ഥാനത്തിന് ആവശ്യമുള്ളതില്‍ നിന്നും രണ്ടു ലക്ഷം മെട്രിക് ടണ്‍ അരി കുറച്ചുള്ള വിഹിതമാണ് കേന്ദ്രം അനുവദിക്കുന്നത്. ഇതാണ് നിലവിലെ ഭക്ഷ്യപ്രതിസന്ധിക്ക് കാരണം .ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയ മന്ത്രി കെ.വി.തോമസിന് സ്വീകരണം നല്കിയ കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിക്കാന്‍ പോലും തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. കരകുളം കൂട്ടപ്പാറ സ്വദേശിനി നൂറ് വയസുള്ള ദാക്ഷായണിക്ക് മുഖ്യമന്ത്രി അരിക്കിറ്റ് നല്കി .സി.ദിവാകരന് എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,സ്പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍,രജിസ്ട്രാര്‍ എസ് .ലളിതാംബിക,കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം.മെഹബൂബ്,എം.ഡി ഡോ .എം.രാമനുണ്ണി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു,കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് .അനില പ്രസിഡന്റ് എസ് .എസ് .രാജലാല്‍ സ്വാഗതവും സെക്രട്ടറി എസ് .ശ്രീലത നന്ദിയും പറഞ്ഞു.കരകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."