HOME
DETAILS
MAL
കഴുമരത്തിലേക്ക് ഇനി അധികം ദൂരമില്ല
backup
March 04 2020 | 01:03 AM
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയാ കേസില്‍ നാലു പ്രതികള്‍ക്കുള്ള വധശിക്ഷ നീളുന്നു. ഇന്നലെ തൂക്കിലേറ്റപ്പെടേണ്ടിയിരുന്ന പ്രതികളെ, മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ തൂക്കിലേറ്റില്ലെന്നു വ്യക്തമായിട്ടുണ്ട്. ഒരു പ്രതിയുടെ ദയാഹരജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാത്തതാണ് കാരണം.
കഴിഞ്ഞ ദിവസം തന്റെ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയ ഉടനെ പ്രതി പവന്‍ ഗുപ്ത രാഷ്ട്രപതിക്കു ദയാഹരജി സമര്‍പ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നലത്തേയ്ക്കു പുറപ്പെടുവിച്ചിരുന്ന മരണവാറന്‍ഡ് ഡല്‍ഹി പാട്യാലാഹൗസ് കോടതി റദ്ദാക്കിയത്. ഇന്നലെ രാവിലെ ആറിനു നാലു പ്രതികളെയും തൂക്കിലേറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. നേരത്തെ ജനുവരി 22നും ഫെബ്രുവരി ഒന്നിനും ഇവരെ തൂക്കിലേറ്റാന്‍ മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ ഓരോരുത്തരായി ഹരജികള്‍ സമര്‍പ്പിച്ചതോടെ അവ സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം, പ്രതികളെ വെവ്വേറെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നു. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മാര്‍ച്ച് മൂന്നിനു ശിക്ഷ നടപ്പായില്ലെങ്കില്‍ അഞ്ചിനു ഹരജി പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, പവന്‍ ഗുപ്തയുടെ ദയാഹരജികൂടി രാഷ്ട്രപതി തള്ളുന്നതോടെ പ്രതികളുടെ നിയമപരമായ അവകാശങ്ങള്‍ തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ പുതിയ മരണവാറന്‍ഡ് പുറപ്പെടുവിക്കാനാകും. പിന്നീട് അതു റദ്ദാക്കാതെതന്നെ ശിക്ഷ നടപ്പാക്കാനുമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."