കലാകാരന്‍മാര്‍ക്കായി സൗജന്യ പരിശീലനം: പദ്ധതിക്ക് തുടക്കംകുറിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്ത്
അടിമാലി: കലാ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ കലാ പരിശീലന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലെ കലാകരന്‍മാര്‍ക്ക് വേണ്ടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഇതിനകം നൂറോളം ആളുകള്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തു. അതാത് പഞ്ചായത്തുകളിലും പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്. ചിത്രകല, ശില്‍പകല,പരസ്യകല എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമായാണ് പരിശീലനം.അഞ്ച് സെന്ററുകളിലായി പരിശീലം ആരംഭിക്കും. കുഞ്ചിത്തണ്ണി, ആയിരം ഏക്കര്‍, കമ്പിളികണ്ടം, ബൈസണ്‍വാലി, പള്ളിവാസല്‍ എന്നിവടങ്ങളിലായാണ് പരിശീലം നടക്കുക. അനൂപി ജി, രജ്ഞിത് ശിവറാം, റോഷ്‌നി പ്രവീണ്‍, സുമേഷ് വി എന്നിവരാണ് വിവിധ ഇടങ്ങളില്‍ പരിശീലത്തിന് നേതൃത്വം കൊടുക്കുന്നത്.
പ്രായവ്യത്യാസമില്ലാതെ പരിശീലനം നേടാം എന്നതും പദ്ധതിയെ വ്യത്യസ്ഥമാക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി മൂന്ന് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം മിമിക്‌സ് താരം രാജേഷ് അടിമാലി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണന്‍, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി സുരേന്ദ്രന്‍, ബി.ഡി.ഒ പ്രവീണ്‍ വാസു, സാസ്‌കാരിക വകുപ്പ് ഫെലോഷിപ്പ് ജില്ലാ കോഡിനേറ്റര്‍ മോബിന്‍ മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."