കയറുമായി വന്ന ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു; കയര്‍ കത്തിനശിച്ചു
മുഹമ്മ: ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു കയര്‍ വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ച് കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തരയോടെ മുഹമ്മ-കഞ്ഞിക്കുഴി റോഡില്‍ ലൂഥര്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ലോഡുമായി ലോറി പോകുന്നതിനിടെ റോഡരികിലെ വൈദ്യുതി ലൈനില്‍ തട്ടി തീ പിടിക്കുകയായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഓടിക്കൂടി നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. ചിലര്‍ ലോറിയില്‍ കയറി കെട്ടുകളായി അടുക്കി വച്ചിരുന്ന കയര്‍ താഴേക്ക് എറിഞ്ഞു. ഇതിനിടെ വിവരമറിയിച്ചതനുസരിച്ച് ചേര്‍ത്തലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
റോഡില്‍ ചിതറി കിടന്ന കയര്‍ പിന്നീട് നാട്ടുകാര്‍ തന്നെയാണ് ഇവിടെ നിന്നും മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് മുഹമ്മ-കഞ്ഞിക്കുഴി റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. നിര്‍മാണത്തിലിരിക്കുന്ന മുഹമ്മ-കഞ്ഞിക്കുഴി റോഡ് പഴയതിനേക്കാള്‍ രണ്ടടിയോളം ഉയര്‍ത്തിയാണ് നിര്‍മിക്കുന്നത്. ഇതു മനസിലാക്കാതെ ലോഡ് കയറ്റി വന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."