കുന്നംകുളത്ത് നിരവധി പൊതുകിണറുകള്‍ നശിക്കുന്നു : അധികൃതരുടെ നിസ്സംഗതയെന്ന് പരാതി
കുന്നംകുളം: കുന്നംകുളം നഗരസഭ അധികൃതരുടെ നിസ്സംഗത കാരണം നഗരത്തിലെ നിരവധി പൊതുകിണറുകള്‍ ഉപയോഗശൂന്യമായി നശിക്കുന്നു. നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുമ്പോഴും അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും നിസ്സംഗത മൂലം മേഖലയിലെ നിരവധി പൊതു കിണറുകളാണ് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. മേഖയിലെ തന്നെ കുടിവെള്ളക്ഷാമ പരിഹാരത്തിനായി നഗരസഭ തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ചവയാണ് ഇവ. എന്നാല്‍ കിണറുകള്‍ യഥാവിധം പരിപാലിക്കാത്തതിനാല്‍ എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. കുന്നംകുളം താലൂക്കാശുപത്രി കോമ്പൗണ്ടിനുള്ളിലുള്ള കിണര്‍ കാടുപിടിച്ചു കിടക്കുകയാണ്. വല കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും കിണറിനു മുകളിലും ചുറ്റിലും ചപ്പുചവറുകള്‍ കുന്നുകൂടി കിടക്കുന്നു.
സമൃദ്ധമായി വെള്ളം ലഭിക്കുന്ന ഈ കിണര്‍ ഉപയോഗപ്രദമാക്കിയാല്‍ നഗരത്തിന്റെ കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്താനാകും.അതുപോലെ കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഗേള്‍സ് സ്‌കൂളിന് സമീപത്തുള്ള കിണറും, നഗരസഭ സ്റ്റാഫ് ക്വര്‍ട്ടേഴ്‌സ് കെട്ടിടത്തിലെ പൊതുകിണറും, തെക്കേ അങ്ങാടിയിലും പടിഞ്ഞാറേ അങ്ങാടിയിലും നിര്‍മിച്ചിട്ടുള്ള കിണറുകള്‍ എല്ലാം തന്നെ ഉപയോഗിക്കാനാകാത്ത നിലയിലാണ് ഇപ്പോഴുള്ളത്.വീടുകളിലെയും കച്ചവട കേന്ദ്രങ്ങളിലെയും മാലിന്യങ്ങളും മറ്റു നിക്ഷേപിച്ചതോടെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായിരിക്കുകയാണ്. ചുറ്റും പുല്ലുകള്‍ പടര്‍ന്നു കയറി കിണറിന്റെ കാഴ്ച തന്നെ മറച്ചിരിക്കുന്നു.
വെള്ളം സമൃദ്ധിയായി ലഭിക്കുന്ന കിണറുകള്‍എല്ലാം തന്നെ വേനല്‍ക്കാലത്ത് പോലും വറ്റാറില്ല. മാത്രമല്ല ഒരു പ്രദേശത്തിന്റെ തന്നെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ഈ കിണറുകള്‍ക്ക് കഴിയും. പൊതുകിണറുകളില്‍ നിന്ന് വെള്ളത്തിന്റെ ഉപയോഗം പിന്നെ ഓരോ വീട്ടിലും ഓരോ കിണര്‍ എന്ന ആശയത്തിലേക്ക് മാറി. തൊട്ടടുത്ത വീടുകളിലെല്ലാം തന്നെ കിണര്‍ വന്നപ്പോള്‍ വെള്ളത്തിന്റെ ലഭ്യതയും കുറഞ്ഞു. പിന്നീട് നഗരസഭയുടെ കുടിവെള്ള പൈപ്പ് കണക്ഷന്‍ വീടുകളിലെത്തിയതോടെ കിണറിനെ പരിസരവാസികള്‍ അവഗണിച്ചു.
വേനല്‍ കനത്തതോടെ പൈപ്പ് കണക്ഷനുകളിലെ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു. അതോടെ ഇപ്പോള്‍ ആളുകള്‍ പിന്നെയും പൊതുകിണറുകളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. വേനല്‍ ആരംഭത്തോടെ വീടുകളിലെ കിണറുകളെല്ലാം തന്നെ വറ്റിത്തുടങ്ങി. കിണറിലെയും കുഴല്‍ക്കിണറുകളിലെയും വെള്ളത്തിന്റെ ഉപയോഗം പലരിലും ആരോഗ്യപ്രശ്‌നങ്ങളും. ഉണ്ടാക്കി. പൊതുകിണറുകളെല്ലാം ഉപയോഗശൂന്യമായതോടെ വീണ്ടും കുടിവെള്ളത്തിനായി കുടുംബങ്ങള്‍ കാത്തുകെട്ടി നില്‍ക്കേണ്ട ഗതികേടിലുമായി. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അധികൃതര്‍ പുതിയ പദ്ധതികള്‍ തയ്യാറക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ അധികൃതരുടെ കണ്മുന്നില്‍ തന്നെ പാഴായിക്കിടക്കുന്ന ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചാല്‍ വേനലിനെ മറികടക്കാനാവുമെന്ന യാഥാര്‍ത്യം ഇപ്പോഴും അധികൃതര്‍ക്ക് ബോധ്യമായിട്ടില്ല .
കഴിഞ്ഞ ദിവസം കുന്നംകുളത്തെത്തിയ മന്ത്രി എ സി മൊയ്തീന്‍ കിണറുകള്‍ പരിപാലിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. കിണറുകള്‍ പുനര്‍നിര്‍മിക്കാനുള്ള നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ പദ്ധതികള്‍ക്ക് ചിലവഴിക്കുന്ന തുകയുടെയും സമയത്തിന്റെയും നാലിലൊന്നു പോലും വരില്ല കിണറുകളുടെ പുനര്‍നിര്‍മാണത്തിന്.
വേനല്‍ കനക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും അധികൃതര്‍ മുന്‍കരുതലുകള്‍ എടുക്കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്. പലരും വീടുകളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ചാണ് ഉപയോഗിക്കുന്നത്. കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതോടെ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും. കിണര്‍ റീചാര്‍ജിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചാല്‍ വരും വര്‍ഷങ്ങളിലും കിണറുകള്‍ ഫലപ്രദമായി ഉപയോഗിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."