വിദ്യാഭ്യാസം പരീക്ഷയ്ക്കുള്ളതോ
പരീക്ഷയുടെ ഉഷ്ണകാലം ആരംഭിക്കാനിരിക്കുന്നു. അഹോരാത്രം അധ്വാനിച്ചു ഫുള്‍ മാര്‍ക്കു നേടണമെന്ന അതിയായ മോഹത്തോടെ വിദ്യാര്‍ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍, വര്‍ത്തമാനകാല വിദ്യാഭ്യാസത്തിന്റെ കുതിപ്പും കിതപ്പും വിലയിരുത്തി നിത്യജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ളതാണോ വിദ്യാഭ്യാസം.
അവയെ സമര്‍ഥമായി നേരിടാനുള്ള പ്രായോഗികബുദ്ധിയും ഇച്ഛാശക്തിയും വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ചെടുക്കാനല്ലേ പഠിതാക്കള്‍ തയ്യാറാവേണ്ടത്, അതിന് വേണ്ടിയല്ലേ പരീക്ഷകള്‍.
വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും കേന്ദ്രബിന്ദു പരീക്ഷയായി മാറിയിരിക്കുന്നു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും ഗ്രേഡും റാങ്കും ലക്ഷ്യമായതോടെ പഠനമെന്നതു മാനസികപിരിമുറുക്കവും ഭയപ്പാടും സൃഷ്ടിക്കുന്ന സങ്കീര്‍ണപ്രശ്‌നമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
മനോരോഗികള്‍ക്കും ആത്മഹത്യക്കാര്‍ക്കും ജന്മംനല്‍കാനാണോ നാമിങ്ങനെ കഷ്ടപ്പെട്ടു കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത്. പരീക്ഷ കുട്ടികള്‍ക്കു മാത്രമല്ല അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അന്തസ്സിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. അങ്ങനെയാണു നൂറുമേനിജ്വരം ചിലരുടെ തലയ്ക്കു പിടിച്ചത്. നൂറുമേനിയുടെ പേരില്‍ കുട്ടികളെ പൊതുപരീക്ഷ എഴുതിക്കാതെ മാറ്റി നിര്‍ത്തുന്നതും കുട്ടികളെ പഠിപ്പിച്ചുപഠിപ്പിച്ചു പതംവരുത്തുന്നതുമെല്ലാം പതിവാണ്.
പരീക്ഷയെ വിലകുറച്ചു കാണുകയല്ല. പഠനമുണ്ടെങ്കില്‍ പരീക്ഷയുണ്ടാവും. അറിവിനെ പരിശോധിക്കാനും കഴിവിനെ മൂല്യനിര്‍ണയം നടത്താനും പഠനനേട്ടങ്ങളെ കൃത്യമായി നിര്‍ണയിക്കാനും പരീക്ഷ സഹായകരമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇപ്പറഞ്ഞതിനയൊക്കെ അപ്രധാനമാക്കി പരീക്ഷയെന്നതു മാര്‍ക്കിനുവേണ്ടിയുള്ള പോരാട്ടമാക്കിയിരിക്കുന്നു.
പുതിയ അറിവുകളും ആശയങ്ങളും നിര്‍മിച്ചെടുക്കാനും ആര്‍ജിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍മങ്ങളാവിഷ്‌കരിക്കാനും ജീവിക്കുന്ന സാമൂഹികഘടനയ്ക്കകത്തു വ്യക്തിയെന്ന നിലയില്‍ ഉത്തരവാദിത്വബോധത്തോടെ ജീവിക്കാനുള്ള കഴിവുനേടാനും പഠിതാവിനു സാധിക്കുന്നതിനുള്ള പ്രചോദനമാകട്ടെ പരീക്ഷകള്‍.
മുനവ്വിര്‍, കല്ലൂരാവി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."