ആര്‍.എസ്.എസ് തലമറന്ന് എണ്ണതേയ്ക്കുന്നു
രാഷ്ട്രീയ സ്വയംസേവക് സംഘ്! കേള്‍ക്കാന്‍ ഇമ്പമുള്ള പേര്. രാഷ്ട്രത്തെ സേവിക്കാന്‍ സ്വയം ഇറങ്ങിപ്പുറപ്പെട്ടവരുടെ സംഘടന എന്നാണല്ലോ അര്‍ഥം. അവര്‍ വന്ദേമാതരം ആലപിക്കുന്നതിനും മറ്റുള്ളവര്‍ക്ക് എതിര്‍പില്ല. രാജ്യത്തെ മാതാവായിക്കണ്ട് ആരാധിക്കാനുള്ള അവരുടെ അവകാശത്തെ ആരും ചോദ്യംചെയ്യുന്നില്ല. വസുധൈവ കുടുംബകം എന്ന അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശവും ലോകമേ തറവാട് എന്ന അര്‍ഥത്തിലാണെങ്കില്‍ സന്തോഷംതന്നെ.
എന്നാല്‍, രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന വലിയ പേര് ആര്‍.എസ്.എസ് എന്നു ചുരുക്കിപ്പറയുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഭയചകിതരാകുന്നു. മതേതരവാദികളായ രാഷ്ട്രീയക്കാരടക്കമുള്ള വന്‍ ഭൂരിപക്ഷം ഞെട്ടിത്തരിക്കുകയും ചെയ്യുന്നു.
തൊണ്ണൂറു പിന്നിട്ട സംഘടന കാക്കി ട്രൗസര്‍ മാറ്റിയെങ്കിലും കുറുവടി കൈവിട്ടിട്ടില്ല. രഹസ്യകേന്ദ്രങ്ങളിലെ ആയുധപരിശീലനങ്ങളില്‍നിന്ന് അകലം പാലിച്ചിട്ടുമില്ല. സത്യത്തിനും ധര്‍മത്തിനും ഏറെ പേരുകേട്ട രാജ്യത്തു നീതിയും ന്യായവും കാടുകയറുന്ന അവസ്ഥയുണ്ടാകുന്ന അവസരങ്ങളില്‍ മിക്കവാറും എല്ലായ്‌പ്പോഴും ഒരുവശത്ത് ആര്‍.എസ്.എസ് തന്നെയാണെന്ന സത്യം നിഷേധിക്കപ്പെടാതെ കിടക്കുന്നു.
ഇപ്പോള്‍ ഗോഡ്‌സെയുടെ പേരില്‍ കൂട്ടക്കൊല നടത്തിയതിന്റെ അവകാശവാദവുമായി ഉജ്ജയിനില്‍നിന്നു തന്നെ ഒരു ആര്‍.എസ്.എസ് നേതാവ് രംഗപ്രവേശം ചെയ്തിരിക്കുന്നു. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെ സംഘ്പരിവാറില്‍പെട്ട മുന്നൂറോളംപേര്‍ വധിക്കപ്പെട്ടതായി പറഞ്ഞുകൊണ്ടാണ് ആര്‍.എസ്.എസിന്റെ ഉജ്ജയിന്‍ പ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിന്റെ ഹാലിളക്കം.
ചിന്താമണി മാളവ്യയെന്ന എം.പിയും മോഹന്‍ യാദവ് എന്ന എം.എല്‍.എയുമടക്കം നൂറില്‍പരം പേര്‍ പങ്കെടുത്ത യോഗത്തിലാണു ചന്ദ്രാവത്തിന്റെ അട്ടഹാസം. ധാരാളം സ്വത്തുള്ള ഒരാളാണ് താനെന്ന് മധ്യപ്രദേശ് സര്‍ക്കാരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉദ്യോഗത്തിലുള്ള ഈ മനുഷ്യന്‍ പറയുന്നു. കൂട്ടക്കൊലയ്ക്കു കൂട്ടുനില്‍ക്കുന്ന കേരള മുഖ്യമന്ത്രിയുടെ തലയറുത്ത് തന്റെ മുന്നില്‍ ഹാജരാക്കുന്നയാള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
കൊലയ്ക്കു കൂട്ടക്കൊല എന്നര്‍ഥത്തില്‍ ചന്ദ്രാവത്ത് പറഞ്ഞു: ''നിങ്ങള്‍ ഗോധ്ര മറന്നുപോയോ, അവര്‍ ഞങ്ങളുടെ 56 പേരെ കൊന്നു. ഞങ്ങള്‍ അവരുടെ രണ്ടായിരം പേരെയാണു ഖബര്‍സ്ഥാനിലേക്കയച്ചത്. കേരളത്തില്‍ ഞങ്ങളുടെ മുന്നൂറുപേരെയാണു കൊന്നത്. പകരം ഞങ്ങള്‍ മൂന്നുലക്ഷം പേരുടെ തലയറുത്തു ഭാരതമാതാവിന് മാലയണിയിക്കും- (ഹിന്ദു പത്രം, മാര്‍ച്ച് -3)
ബി.ജെ.പിക്കാരായ നിരവധി പേര്‍ കേരളത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയറിഞ്ഞ് വികാരാവേശത്തില്‍ താന്‍ അങ്ങനെയൊക്കെ പറഞ്ഞുപോയതാണെന്ന് ചന്ദ്രാവത്ത് പിന്നാലെ പറഞ്ഞതായി വാര്‍ത്തയുണ്ട്. വിവാദ പ്രസ്താവനയുടെ പേരില്‍ അയാളെ ആര്‍.എസ്.എസ് പുറത്താക്കിയെന്നതു നല്ലതു തന്നെ.
എന്നാല്‍, അത്തരം ഭീഷണിയൊന്നും തന്റെ നേര്‍ക്ക് വേണ്ട എന്ന് മുഖ്യമന്ത്രി അന്നുതന്നെ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. മംഗലാപുരത്ത് തന്നെ കാലു കുത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് ബന്ദാഹ്വാനം ചെയ്ത സംഘ്പരിവാറിനെ വെല്ലുവിളിച്ച് അവിടെ സി.പി.എമ്മിന്റെ മതസൗഹാര്‍ദ റാലിയില്‍ പ്രസംഗിച്ചാണ് കേരള മുഖ്യമന്ത്രി മടങ്ങിയത്.
ആര്‍.എസ്.എസ് നേതാവിന്റെ ഭീഷണിക്കെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ത്തുമ്പോള്‍ ബി.ജെ.പി നേതൃത്വത്തിന് പോലും അത് തള്ളിപ്പറയേണ്ടിവന്നു. സാക്ഷാല്‍ കുന്ദന്‍ ചന്ദ്രാവത്ത് തന്നെ താന്‍ ആ പ്രസ്താവന പിന്‍വലിക്കുകയാണെന്നു പറഞ്ഞറിയിച്ചതും അക്കാരണത്താല്‍ തന്നെ.
എന്നാല്‍ താന്‍ ആര്‍.എസ്.എസിലൂടെയാണ് വളര്‍ന്നതെന്ന് പലതവണ പറഞ്ഞ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മിണ്ടാട്ടമുണ്ടായില്ല. ആര്‍.എസ്.എസ് വിലപ്പെട്ട സേവനമാണ് നടത്തുന്നതെന്ന് ആവര്‍ത്തിച്ചു പറയാന്‍ അദ്ദേഹമുണ്ടായിരുന്നല്ലോ. ഗോധ്ര സംഭവങ്ങള്‍ നടക്കുമ്പോള്‍ അവിടത്തെ മുഖ്യമന്ത്രി നേരത്തേ വിത്തിറക്കിയതാണെങ്കിലും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ഇറങ്ങിയ ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലുള്ളവരുടെ ഒത്താശയോടെ ആയിരുന്നല്ലോ ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ വളര്‍ച്ച.
പല പേരുകളിലായി 39 രാജ്യങ്ങളില്‍ ഇന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അവരുടെ ഒരു ആധികാരിക രേഖയില്‍ കാണുന്നത്. അമേരിക്കയില്‍തന്നെ 146 ശാഖകളുണ്ടെന്ന് മുംബൈക്കാരനായ കോ-ഓഡിനേറ്റര്‍ രമേശ് സുബ്രഹ്മണ്യം പറയുമ്പോള്‍ സര്‍ക്കാരില്‍ ഉന്നതപദവിയില്‍ തന്നെ നിരവധി ആര്‍.എസ്.എസുകാര്‍ ഉള്ളപ്പോള്‍ നമ്മുടെ രാഷ്ട്രം തന്നെ സുരക്ഷിതമാണെന്ന് അവരുടെ മേലധ്യക്ഷനായ മോഹന്‍ ഭഗവത് ആശ്വസിക്കുന്നു. സംശയിക്കേണ്ടതില്ല, ഒരു വിഭാഗീയ സംഘടനയുടെ നേതാവാണെന്നറിഞ്ഞിട്ടും രാഷ്ട്രത്തോടായി പ്രക്ഷേപണം നടത്താന്‍ കഴിഞ്ഞ വര്‍ഷം ആകാശവാണി അനുവാദം നല്‍കിയിരുന്നല്ലോ. അറിയപ്പെടുന്ന ആര്‍.എസ്.എസ് നേതാവായ വി. ഷണ്‍മുഖനാഥനെ മേഘാലയ ഗവര്‍ണറായി നിയമിച്ചതും രാജ്ഭവന്‍ സ്റ്റാഫിന്റെ തന്നെ പ്രതിഷേധം കാരണം അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വന്നതും ഏതാനും മാസങ്ങള്‍ക്കു മുന്‍പാണല്ലോ.
ഇന്നിപ്പോള്‍ രാഷ്ട്രീയ മുസ്്്‌ലിം മഞ്ച് എന്ന പേരില്‍ ആര്‍.എസ്.എസ് മുസ്‌ലിംകളുടേതായ ഒരു ശാഖ രൂപവല്‍ക്കരിച്ചിട്ടുണ്ട്. അവര്‍ ഒരു ഉലമാ കണ്‍വെന്‍ഷനും ആഗ്രയില്‍ നടത്തി. ഗോവധ നിരോധം ഒരു ക്രമസമാധാന പ്രശ്‌നമായി ഉയരുന്നതിനിടയില്‍ മുസ്്‌ലിം ഗോരക്ഷയ്ക്ക് എന്ന പേരില്‍ വേറൊരു പ്രസ്ഥാനത്തിനും അവര്‍ രൂപം നല്‍കുകയുണ്ടായി.
ഇതര മതവിഭാഗക്കാരെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ചില ചൊട്ടുവിദ്യകള്‍ നടത്തുന്നതിനിടയില്‍ തന്നെ ഗാന്ധിവധം പോലുള്ള നിഷ്ഠൂര കൃത്യങ്ങളുടെ ചുമതലകളില്‍ നിന്ന് കൈകഴുകാനുള്ള ശ്രമങ്ങളും ആര്‍.എസ്.എസ് കാര്യമായി നടത്തുന്നുണ്ട്. ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന്റെ പങ്കിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതിന് അദ്ദേഹത്തിനെതിരേ കൊടുത്ത കേസ് സുപ്രിംകോടതി മുന്‍പാകെ ഇരിക്കയാണ്. ഗാന്ധിവധത്തിന്റെ പേരില്‍ തൂക്കുമരം കയറേണ്ടി വന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കാനും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനും വരെ സംഘ്പരിവാര്‍ തയാറാകുന്നുമുണ്ട്. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച ദിവസം നോക്കി മിഠായിവിതരണം നടത്താനും അവര്‍ക്ക് മടിയില്ല.
നാഥുറാം ഗോഡ്‌സെ മരണംവരെ ആര്‍.എസ്.എസ് കാരനായിരുന്നുവെന്ന് ഹിന്ദുമഹാസഭ നേതാവായ സത്യകി സവര്‍ക്കര്‍ പറഞ്ഞത് പോലും ആര്‍.എസ്.എസുകാര്‍ മറച്ചുവയ്ക്കുന്നു. സത്യകി ആകട്ടെ, നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയുടെ മകള്‍ ഹിമാനിയുടെ പുത്രനാണ്.
സ്വാതന്ത്ര്യ സമരത്തിന്റെ ഒരുഘട്ടത്തിലും അതില്‍ പങ്കെടുക്കാതിരുന്ന ആര്‍.എസ്.എസ് ആണ് ഇന്ന് ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് പ്രശസ്ത ചരിത്രകാരന്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാന്‍ ജീവന്‍പോലും അര്‍പ്പിച്ച ഇതരമതവിഭാഗങ്ങളെ അവര്‍ ദേശദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്നു.
നാഗൂരില്‍ കഴിഞ്ഞ വര്‍ഷം ദേശീയ സമ്മേളനം വിളിച്ചുകൂട്ടി ഭരണഘടന അനുവദിച്ച സംവരണത്തിനെതിരായി പോലും അവര്‍ പ്രമേയം പാസാക്കി. മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ എന്ന മധ്യപ്രദേശുകാരനെ ഗുരുജിയാക്കി പ്രതിഷ്ഠിച്ചവര്‍ കെ.എസ് സുദര്‍ശന്‍, രാജേന്ദ്രസിങ്, എച്ച്.വി ശേഷാദ്രി, ദാത്താപാന്ത് എന്നിവരിലൂടെ മോഹന്‍ ഭഗവതിലെത്തിയിട്ടും അനയമതവിദ്വേഷത്തില്‍ നിന്ന് ഒട്ടും പിറകോട്ടുപോയിട്ടില്ല ആര്‍.എസ്.എസ്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നാണ് ഭഗവത് ഇപ്പോഴും പറയുന്നത്.
അതേസമയം ഒരേകുടുംബത്തിലെ അംഗങ്ങളായി മനുഷ്യരെയെല്ലാം കാണുമ്പോഴും ഒരുനാട്ടിലെ മുഖ്യമന്ത്രിയുടെ തലക്ക് അവരുടെ നേതാവ് വിലപറയുന്നു. 2007 ല്‍ ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനത്തിലും സംഝോത എക്‌സ്പ്രസ് അട്ടിമറിയിലും 2008 ലെ മലേഗാവ് പൊട്ടിത്തെറിയിലുമെല്ലാം കുറ്റം ആരോപിക്കപ്പെട്ട സംഘടനയില്‍ നിന്ന് മറിച്ചൊരു നിലപാട് സ്വീകരിക്കുക പ്രയാസമായിരിക്കും. ഭയ്യാജി ജോഷിയുടെ കാലഘട്ടത്തില്‍ എത്തിനിക്കുമ്പോഴെങ്കിലും അവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്.
ഇന്ത്യയില്‍ അരലക്ഷത്തിലേറെ സജീവ ശാഖകളുണ്ടെന്ന് അഭിമാനിക്കുമ്പോള്‍ തന്നെയാണ് കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തെ ഒരൊറ്റ ശാഖയില്‍പെട്ട 11 പേര്‍ ഒരു കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."