ഗെറ്റോവല്‍ക്കരണമാണ് അവരുടെ ജീവന്‍ രക്ഷിച്ചത്
മുസ്തഫാബാദിലെ ഭഗീരഥ് വിഹാറിലുള്ള ഇരുപതുകാരന്‍ ആഖിബ് അന്നു പുറത്തിറങ്ങിയത് സഹോദരിയുടെ വിവാഹത്തിനു പുതുവസ്ത്രം വാങ്ങാനായിരുന്നു. അവന്‍ ഇതുവരെ തിരിച്ചുവന്നില്ല. ഹിന്ദുത്വരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഖിബ് വഴിയില്‍ വീണുകിടക്കുന്നത് സഹോദരന്‍ വസീമാണ് കാണുന്നത്. ജി.ടി.ബി ആശുപത്രിയിലെത്തിച്ച ആഖിബിന്റെ ജീവന്‍ ഞായറാഴ്ച വൈകിട്ടോടെ നിലച്ചു. ആശുപത്രി മോര്‍ച്ചറിയ്ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി പിതാവ് ഇഖ്‌റാമുദ്ദീന്‍ ഇപ്പോഴും നില്‍പ്പുണ്ട്, മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍. ഏപ്രില്‍ എട്ടിനാണ് സഹോദരി സനയുടെ വിവാഹം നിശ്ചയിച്ചത്. 'വിവാഹ ദിവസം ധരിക്കാന്‍ പുതിയ ടി ഷര്‍ട്ട് വേണമെന്നു പറഞ്ഞ് 24നു തന്റെ കൈയില്‍നിന്ന് പണവും വാങ്ങി വീട്ടില്‍നിന്ന് സന്തോഷത്തോടെ ഇറങ്ങിപ്പോകുന്ന മകന്റെ രൂപം ഇപ്പോഴും താന്‍ കാണുന്നുണ്ട്. പുറത്തു മനുഷ്യര്‍ മനുഷ്യരെ കൊല്ലാന്‍ തുടങ്ങിയത് ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ അവനെ അയക്കില്ലായിരുന്നു'-ഇഖ്‌റാമുദ്ദീന്‍ നൊമ്പരപ്പെട്ട് പറഞ്ഞു.
സമയമായിട്ടും തിരിച്ചെത്താത്ത ആഖിബിനെ തേടിയിറങ്ങിയ സഹോദരന്‍ വസീം, വഴിയില്‍ അക്രമികള്‍ കത്തിച്ചും തെരുവിലേക്ക് ചിതറിയെറിഞ്ഞും കൂട്ടിയിട്ട വസ്തുക്കള്‍ക്കിടയില്‍ വീണുകിടക്കുന്ന ആഖിബിനെയാണു കണ്ടത്. ശരീരത്തില്‍ നിറയെ മുറിവുകളുണ്ടായിരുന്നു. തലയ്ക്ക് ആഴത്തിലുള്ള മറ്റൊരു മുറിവും. മരിച്ചുകിടക്കുകയാണെന്നാണ് സഹോദരന്‍ ആദ്യം കരുതിയത്. കൊലയാളികളും അതുതന്നെ കരുതിയിരിക്കണം. ജി.ടി.ബി ആശുപത്രിയിലെത്തിച്ച ആഖിബിനെ അടിയന്തരമായി രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയമാക്കി. എന്നാല്‍, തലക്കേറ്റ ഗുരുതര പരുക്ക് അവന്റെ ജീവനെടുത്തു. വിവരമറിഞ്ഞ് ഉത്തര്‍പ്രദേശിലെ അവരുടെ നാടായ ഹാപ്പൂരില്‍നിന്ന് ബന്ധുക്കളെല്ലാം എത്തിയിട്ടുണ്ട്. ഏപ്രിലില്‍ സനയുടെ വിവാഹത്തിനു ഡല്‍ഹിയിലെത്താന്‍ ഒരുങ്ങിയിരുന്നവരായിരുന്നു അവരെല്ലാം. വിവാഹം ഇനി നടക്കുമോ എന്നറിയില്ല. ഇഖ്‌റാമുദ്ദീനു തന്നെ ഇക്കാര്യത്തില്‍ ഉറപ്പില്ല.
തെരുവുകച്ചവടക്കാരനാണ് ഇഖ്‌റാമുദ്ദീന്‍. ആഖിബ് പിതാവിനെ സഹായിക്കാന്‍ നില്‍ക്കുന്നവനായിരുന്നു. ഭഗീരഥ് വിഹാറിലേത് വാടകവീടാണ്. സഹായിക്കാന്‍ ഇനിയുള്ളത് ശേഷിക്കുന്ന രണ്ടു മക്കളാണ്. അവിടെനിന്ന് മടങ്ങുമ്പോഴും ജി.ടി.ബി ആശുപത്രിയുടെ മോര്‍ച്ചറിയ്ക്കു മുന്നില്‍ മകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിട്ടുകിട്ടുന്നതും കാത്ത് കണ്ണീരൊഴുക്കി നില്‍ക്കുകയാണ് ഇഖ്‌റാമുദ്ദീന്‍. തൊട്ടടുത്ത് വിങ്ങിപ്പൊട്ടി സഹോദരനും അര്‍ധസഹോദരന്‍ മുഹമ്മദ് ഇല്യാസുമുണ്ട്. പരസ്പരം ആശ്വസിപ്പിക്കാനോ സംസാരിക്കാനോ കഴിയാതെ ഒരുപറ്റം പാവപ്പെട്ട മനുഷ്യര്‍. മരണവും നഷ്ടവും ഭീതിയും മാത്രമല്ല ഡല്‍ഹി കലാപം ശേഷിപ്പിച്ച ദുരിതം. അതു പൗരത്വനിരാസത്തെക്കുറിച്ചുള്ള പേടികൂടിയാണ്. കലാപബാധിത പ്രദേശങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും രേഖകള്‍ നഷ്ടപ്പെട്ടു. അധികം വൈകാതെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുമ്പോള്‍, പിന്നാലെ പൗരത്വപ്പട്ടിക വരികയാണെങ്കില്‍ അവര്‍ക്കു കാണിക്കാന്‍ രേഖകളൊന്നുമില്ല. എല്ലാം കലാപത്തിന്റെ ദിനങ്ങളില്‍ അഗ്നി വിഴുങ്ങി.
അസമില്‍ പൗരത്വപ്പട്ടിക നടപ്പാക്കുന്നതിനു തൊട്ടുമുന്‍പു നടത്തിയ കലാപങ്ങളില്‍ മുസ്‌ലിംകളുടെ രേഖകള്‍ തിരഞ്ഞുപിടിച്ച് കത്തിക്കാന്‍ മനഃപൂര്‍വമായ ശ്രമങ്ങളുണ്ടായിരുന്നു. പൗരത്വപ്പട്ടികയില്‍നിന്ന് അവരെ പുറത്താക്കാനായിരുന്നു അത്. ഡല്‍ഹിയിലും സംഘ്പരിവാര്‍ അക്രമി സംഘത്തിനു കൊള്ളയേക്കാള്‍ താല്‍പര്യം കത്തിക്കാനായിരുന്നു. കലാപത്തിന്റെ തുടക്കത്തില്‍ തന്നെ ഇതു മനസിലാക്കിയവര്‍ പലായനം ചെയ്യുമ്പോള്‍ ചേര്‍ത്തുപിടിച്ചത് പണത്തേക്കാള്‍ രേഖകളാണ്. അലമാരയിലുള്ള രേഖകള്‍ പ്രത്യേകം കണ്ടെടുത്ത് കത്തിച്ചിരുന്നതായി ശിവ് വിഹാറിലെ വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ അവസരം ലഭിച്ചവര്‍ പറയുന്നു. അതിനായി അലമാരയും പെട്ടികളുമെല്ലാം തുറന്ന് ചിതറിയിട്ട് കത്തിച്ചിരുന്നു. ഗുജറാത്ത് പോലെ കലാപത്തെക്കുറിച്ചുള്ള ധാരണകളെ തിരുത്തിയ വര്‍ഗീയകലാപം കൂടിയായിരുന്നു ശിവ് വിഹാറിലേത്. കലാപം ആദ്യം ബാധിച്ചത് ഏറ്റവും പാവപ്പെട്ടവരെയാണ്. തെരുവില്‍ അന്തിയുറങ്ങുന്ന തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരായിരുന്നു ആദ്യത്തെ ഇരകള്‍. പിന്നാലെയാണ് വീടുകള്‍ തേടി അവര്‍ വന്നത്.
സുരക്ഷ കുറഞ്ഞ ഗലികളാണ് അക്രമിക്കപ്പെട്ടവയില്‍ കൂടുതലും. ഡല്‍ഹിയിലെ മധ്യവര്‍ഗ പാര്‍പ്പിട കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ ഒരു ഗലിയില്‍നിന്ന് മറ്റൊന്നിനെ വേര്‍തിരിക്കുന്ന ഇരുമ്പുഗേറ്റുകളും ഗ്രില്ലുകളുമുണ്ടായിരുന്നില്ല. 1984ലെ സിഖ് കലാപത്തിനു ശേഷമാണ് ഡല്‍ഹിയിലെ ഓരോ പാര്‍പ്പിട കേന്ദ്രങ്ങളെയും ഇരുമ്പുഗേറ്റുകള്‍ കൊണ്ട് സുരക്ഷിതമാക്കുന്ന രീതി വ്യാപകമായത്. എന്നാല്‍ പാവപ്പെട്ടവരുടെ ആവാസ കേന്ദ്രങ്ങളില്‍ ഇതുണ്ടായിരുന്നില്ല. ഗെറ്റോവല്‍ക്കരണം (ഓരോ മതവിഭാഗത്തില്‍ പ്രത്യേകം പാര്‍പ്പിട കേന്ദ്രമുണ്ടാകുന്ന രീതി) മുസ്‌ലിംകളുടെ പുരോഗതിക്ക് തടസമാകുന്നുണ്ടെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കലാപത്തില്‍ നിരവധി മുസ്‌ലിംകളുടെ ജീവനും സ്വത്തുക്കളും രക്ഷിച്ചത് ഈ ഗെറ്റോവല്‍ക്കരണമാണ്. മുസ്‌ലിംകള്‍ മാത്രം ഇടതിങ്ങിപ്പാര്‍ക്കുന്ന ഗലികള്‍ക്കു നേരെ ആക്രമണം നടത്താന്‍ സംഘ്പരിവാറിനു കഴിഞ്ഞില്ല. ആക്രമിക്കപ്പെട്ടവരില്‍ ഏറെയും ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലര്‍ന്ന് താമസിക്കുന്നതോ മുസ്‌ലിംകള്‍ കുറച്ചു മാത്രമുള്ളതോ ആയ പാര്‍പ്പിട കേന്ദ്രങ്ങളാണ്.
ശിവ് വിഹാറിലെ മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തൊട്ടടുത്ത മുസ്‌ലിം ഗലിയായ ചമന്‍പാര്‍ക്കിലേക്ക് അക്രമികള്‍ക്കു കടക്കാന്‍ കഴിഞ്ഞില്ല. ഖജൗരി ഖാസിലും മുസ്തഫാബാദിലും ഇതുതന്നെയായിരുന്നു കാഴ്ച. സ്വാഭാവികമായ വര്‍ഗീയതയല്ല രാജ്യത്തുള്ളത്. അത് ആര്‍.എസ്.എസ് ആസൂത്രിതമായി നടത്തുന്ന വ്യാജപ്രചാരങ്ങളുടെ നിര്‍മിതിയാണ്. സാംസ്‌കാരികമായ കൊടുക്കല്‍-വാങ്ങലുകള്‍ കൊണ്ട് പാകപ്പെടാവുന്ന സമൂഹമായി മാറാനുള്ള തടസവും ഇതു തന്നെയാണ്. ഗെറ്റോവല്‍ക്കകരണം ഇല്ലാതാക്കാന്‍ സമയമായില്ലെന്നതാണ് ഡല്‍ഹി നല്‍കുന്ന പാഠം. അതുകൊണ്ടുതന്നെ ഈ കലാപം മറ്റിടങ്ങളില്‍നിന്ന് മുസ്‌ലിം മേഖലകളിലേക്ക് കൂടുതല്‍ കുടിയേറ്റമുണ്ടാക്കുകയേയുള്ളൂ.
(തുടരും)
പരമ്പരയുടെ ആദ്യഭാഗങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."