ജില്ലയില്‍ 37 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു
മലപ്പുറം: സമൂഹത്തിലെ കുഷ്ഠരോഗ ലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച അശ്വമേധം പരിപാടിയെ തുടര്‍ന്നു ജില്ലയില്‍ ജനുവരി 20 വരെ 37 കേസുകള്‍ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ 9,93,559 വീടുകളിലെ 40,74,475 ആളുകളെ പരിശോധിച്ചതില്‍ 9,802 സംശയാസ്പദ വ്യക്തികളെ കണ്ടെത്തുകയുണ്ടായി.
തുടര്‍ന്ന് സംഘടിപ്പിച്ച 32 ത്വക് രോഗ ക്യാംപുകളിലെ വിദ്ഗധ പരിശോധനയ്ക്കു ശേഷമാണ് 37 കേസുകള്‍ കണ്ടെത്തിയത്. പുരുഷന്മാരില്‍ 30 പേര്‍ക്കും സ്ത്രീകളില്‍ ഏഴു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചിനും 14നും വയസിനിടയ്ക്കുള്ള മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കൂടാതെ, ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു പേരിലും രണ്ട് അതിഥി തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 26 പേര്‍ അധിക രോഗാണുബാധിതരും ചികിത്സ തുടങ്ങും മുന്‍പു മറ്റുള്ളവരിലേക്കു രോഗം പരത്താനിടയുള്ളവരുമാണ്.
മലയോര-ട്രൈബല്‍ മേഖലയില്‍നിന്ന് 12, തീരമേഖലയില്‍നിന്ന് 11 എന്നിങ്ങനെ കേസുകളാണ് കണ്ടെത്തിയത്. ജില്ലയുടെ മറ്റു മേഖലകളില്‍നിന്ന് 14 കേസുകള്‍ കണ്ടെത്തി.
ഡിസംബര്‍ അഞ്ചു മുതല്‍ രണ്ടാഴ്ചയാണ് ജില്ലയില്‍ അശ്വമേധം പരിപാടി സംഘടിപ്പിച്ചത്. പരിശീലനം ലഭിച്ച 9,414 സന്നദ്ധപ്രവര്‍ത്തകരാണ് പരിപാടിയുടെ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തിയത്. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് 942 സൂപ്പര്‍വൈസര്‍മാരുമുണ്ടായിരുന്നു.
നിര്‍മാര്‍ജന പക്ഷാചരണം നാളെ മുതല്‍
മലപ്പുറം: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിനു നാളെ തുടക്കമാകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ പത്തിനു മലപ്പുറം മേല്‍മുറി മഅ്ദിന്‍ കാംപസില്‍ നടക്കും. ജനുവരി 30 മുതല്‍ ഫെബ്രുവരി 13 വരെ ബോധവല്‍ക്കരണ പ്രചാരണം നീണ്ടുനില്‍ക്കും.
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികംകൂടി പരിഗണിച്ച് ഈ വര്‍ഷം ദേശീയ തലത്തില്‍തന്നെ വിപുലമായ രീതിയിലാണ് പക്ഷാചരണം നടക്കുന്നത്. പ്രത്യേകം ഗ്രാമസഭകള്‍ ചേര്‍ന്ന് ജില്ലാ കലക്ടറുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്റെയും സന്ദേശങ്ങള്‍ വായിച്ചുകേള്‍പ്പിക്കും. ഗാന്ധിജിയുടെ വേഷത്തില്‍ വിദ്യാര്‍ഥിയോ പൊതുപ്രവര്‍ത്തകനോ വന്ന് കുഷ്ഠരോഗത്തെക്കുറിച്ചും ഗാന്ധിജിക്ക് കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചും ഏകാഭിനയമോ പ്രഭാഷണമോ നടത്തും. സ്‌കൂളുകളില്‍ പ്രത്യേക പ്രതിജ്ഞ ചൊല്ലും. ഫെബ്രുവരി 13ന് പെരിന്തല്‍മണ്ണയിലാണ് സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."