കൊല്ലം കലക്ടറേറ്റിലെ ബോംബ് സ്‌ഫോടനം; യു.എ.പി.എ ചുമത്തി കേസെടുക്കും
കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ബുധനാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ യു.എ.പി.എ ചുമത്തി കേസെടുക്കും. കഴിഞ്ഞദിവസവം രാത്രി എന്‍.ഐ.എ സംഘം സ്ഥലം സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചിരുന്നു. അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. സംസ്ഥാന ആഭ്യന്തര സുരക്ഷാവിഭാഗം ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സി.സി ടി.വി ഓപറേറ്ററില്‍നിന്ന് അദ്ദേഹം മൊഴിയെടുത്തു. ഐ.ഇ.ഡി സംവിധാനമുള്ള (ഇംപ്രസീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപകരണമാണ് ബോംബിനായി ഉപയോഗിച്ചിരുന്നത്.
ഒന്നിലധികം പേര്‍ കൃത്യത്തിനു പിന്നിലുണ്ടാകാമെന്നാണ് പൊലിസ് നിഗമനം. പാറമടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നു തെളിഞ്ഞതിനാല്‍ ജില്ലയിലെ പാറമടകളില്‍ പൊലിസ് അന്വേഷണം നടത്തി.
ഗുരുതര സുരക്ഷാവീഴ്ചയാണ് സ്‌ഫോടനത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തില്‍തന്നെ വ്യക്തമാകുന്നത്. കലക്ടറേറ്റ് പരിസരത്തെ സി.സി.ടി.വി കാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു പൊലിസ് സംഘം കണ്ടെത്തിയിരുന്നു. കലക്ടറേറ്റിലും പരിസരത്തുമായി ആകെ 17 കാമറകളാണുള്ളത്. സ്‌ഫോടനം നടന്ന ഭാഗത്ത് അഞ്ചെണ്ണമുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല.
കലക്ടറുടെ ചേംബറിനു താഴെയാണ് എല്ലാ സി.സി.ടി.വി കാമറകളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സ്‌ഫോടനം നടന്നയുടന്‍ അന്വേഷണ സംഘം സി.സി.ടി.വി കണ്‍ട്രോള്‍ റൂമിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
അതേസമയം, തമിഴ്‌നാട്ടിലെ പ്രത്യേക പൊലിസ് സംഘവും കൊല്ലത്തെത്തി തെളിവുകള്‍ ശേഖരിക്കും. കൊല്ലത്തെ സ്‌ഫോടനത്തിനു സമാനമായ സംഭവം മുന്‍പു തമിഴ്‌നാട്ടിലും നടന്ന പശ്ചാത്തലത്തിലാണു സംഘമെത്തുന്നത്. കേസുമായി ബന്ധപ്പെട്ടു പത്തിലേറെപേരെ ചോദ്യം ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ദമ്പതികള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് സിംകാര്‍ഡ് തരപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടു പേരും നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്തവരില്‍ നാലുപേര്‍ കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷന്‍ പരിധിയിലും ഒരാള്‍ കുണ്ടറ പൊലിസ് പരിധിയിലുമുള്ളവരാണ്. കുണ്ടറയില്‍ പൊലിസ് ചോദ്യം ചെയ്ത യുവാവ് ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി തടിയന്റവിട നസീറുമായി ബന്ധപ്പെട്ട സൗഹൃദങ്ങളുടെ പേരില്‍ പൊലിസിന്റെ നിരീക്ഷണത്തിലുള്ളയാളാണ്. കൊല്ലം എ.സി.പി യുടെ നേതൃത്വത്തിലാണ് അന്വേഷണം. കൂടാതെ എന്‍.ഐ.എ, ഐ.ബി, ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം തുടങ്ങിയ ഏജന്‍സികളും പൊലിസിനൊപ്പം സമാന്തരമായി കേസന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."