പ്രളയ ദുരിതാശ്വാസം: കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 52 കോടി
കോഴിക്കോട്: പ്രളയം വരുത്തിയ കാര്‍ഷിക നഷ്ടത്തിനുള്ള ധസഹായവും കാത്ത് സംസ്ഥാനത്തെ കര്‍ഷകര്‍. ഈയിനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 52 കോടി രൂപയാണ്. എന്നാല്‍ പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തുക കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് തുക വേഗത്തില്‍ നല്‍കുന്നതിനായി സ്മാര്‍ട്ട് സോഫ്റ്റുവെയറുകള്‍ വഴിയാണ് 2019 ലെ പ്രളയ ദുരിതാശ്വാസം രേഖപ്പെടുത്തിയത്. വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായെങ്കിലും തുക ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വില്ലേജ് അടിസ്ഥാനത്തിലുള്ള അതാത് കൃഷി ഭവനില്‍ നിന്നും ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടം വിലയിരുത്തിയത്.
ഇതുപ്രകാരം കൃഷി ഓഫിസര്‍മാര്‍ സോഫ്റ്റുവെയറില്‍ ഓരോ കര്‍ഷകരുടെയും വിവരങ്ങള്‍ പരിശോധിച്ച് ക്ലെയിം സ്റ്റെയിറ്റ്‌മെന്റ് തയാറാക്കി ബ്ലോക്ക് ലെവല്‍ അസിസ്റ്റന്റുമാര്‍ക്ക് അയച്ചു കൊടുക്കുന്നത് വൈകുകയായിരുന്നു. എന്നാല്‍ 2020 ജനുവരി അവസാനത്തോടെ വിവരങ്ങള്‍ അയച്ചു നല്‍കണമെന്നാണ് കൃഷി വകുപ്പ് നല്‍കുന്ന നിര്‍ദേശം. ഇതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. അങ്ങനെയായാല്‍ തുക പെട്ടന്ന് തന്നെ ലഭിക്കുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. ചില സാങ്കേതിക തടസമാണ് കാലതാമസം വരാന്‍ കാരണമെന്നും വൈകാതെ പണം നല്‍കി തുടങ്ങുമെന്നും കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം 2018ലെ പ്രളയത്തില്‍ ഇനിയും 26 കോടി കൂടി കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാക്കിയുണ്ട്.
2019ലെ പ്രളയത്തില്‍ കാര്‍ഷിക മേഖലയില്‍ 166992.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തല്‍. കൃഷി വകുപ്പിന്റെ പുതിയ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ പ്രകാരമാണ് കണക്കുകള്‍ ശേഖരിച്ചത്. ഇതുപ്രകാരം 93225.02 ഹെക്ടര്‍ വിളകളും നശിച്ചതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."