നിര്‍ഭയാ കേസ്; 'നിയമം' കൈയൊഴിഞ്ഞു ഇനി നീതി നടപ്പാക്കും
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയാ കേസില്‍ നാലു പ്രതികള്‍ക്കുള്ള വധശിക്ഷ ഉടന്‍ നടപ്പാകുമെന്ന് ഉറപ്പായി. കേസില്‍ നാലാമത്തെ പ്രതിയുടെയും ദയാഹരജി ഇന്നലെ രാഷ്ട്രപതി തള്ളിയതോടെയാണിത്. പ്രതി പവന്‍ ഗുപ്തയുടെ ദയാഹരജിയാണ് ഇന്നലെ തള്ളിയത്. മറ്റു മൂന്നു പ്രതികളുടെയും ദയാഹരജി നേരത്തെ തള്ളിയിരുന്നു. ഇതോടെ, കേസില്‍ പ്രതികള്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ പൂര്‍ണമായും അവസാനിച്ചു.
പവന്‍ ഗുപ്തയുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലായതിനാലാണ് ഡല്‍ഹി പാട്യാലാ ഹൗസ് കോടതി കഴിഞ്ഞ ദിവസം മൂന്നാമതും മരണവാറന്‍ഡ് സ്റ്റേ ചെയ്തിരുന്നത്. ദയാഹരജി തള്ളിയതോടെ ഇനി പുതിയ മരണവാറന്‍ഡ് പുറപ്പെടുവിച്ച് ശിക്ഷ നടപ്പാക്കാം.
ജനുവരി 22, ഫെബ്രുവരി ഒന്ന്, മാര്‍ച്ച് മൂന്ന് എന്നീ ദിവസങ്ങളിലേക്കായിരുന്നു നേരത്തെ മരണവാറന്‍ഡുകള്‍ പുറപ്പെടുവിച്ചിരുന്നത്. പ്രതികളുടെ ഹരജികള്‍ കാരണം ഇത് ഓരോന്നും പിന്നീട് സ്റ്റേ ചെയ്യുകയായിരുന്നു. അതേസമയം, പ്രതികളെ വെവ്വേറെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജി ഇന്നു സുപ്രിംകോടതി പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പ്രതികളുടെ നിയമപരമായ അവകാശങ്ങളെല്ലാം തീര്‍ന്ന സ്ഥിതിക്ക് ഇതില്‍ ഇനി എത്രമാത്രം പ്രസക്തിയുണ്ടെന്നതു വ്യക്തമല്ല. മാര്‍ച്ച് മൂന്നിനു ശിക്ഷ നടപ്പായില്ലെങ്കില്‍ അഞ്ചിനു ഹരജി പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.
കേസില്‍ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് സിങ്, പവന്‍ ഗുപ്ത എന്നിവരെയാണ് തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത്. അതേസമയം, പ്രതികളുടെയെല്ലാം ദയാഹരജി തള്ളപ്പെട്ടതോടെ, ശിക്ഷ ഈ മാസം തന്നെ നടപ്പാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച് ഇരയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."