മഹാരാഷ്ട്രയിലെ മുസ്‌ലിം സംവരണം ഭരണസഖ്യത്തില്‍ കല്ലുകടി
മുംബൈ: മഹാരാഷ്ട്രയില്‍ മുസ്‌ലിംകള്‍ക്കു വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തില്‍ ഭരണമുന്നണിയില്‍തന്നെ അസ്വാരസ്യം. വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകള്‍ക്ക് അഞ്ചു ശതമാനം സംവരണം നല്‍കുമെന്നു വ്യക്തമാക്കി രംഗത്തെത്തിയിരുന്നു മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് ഇന്നലെ പ്രസ്താവനയില്‍നിന്നു പിന്നോട്ടുപോയി.
വിദ്യാഭ്യാസ സംവരണം സംബന്ധിച്ച വിഷയം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സംസാരിച്ചിട്ടില്ലെന്നാണ് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അഞ്ചു ശതമാനം സംവരണമേര്‍പ്പെടുത്താനുള്ളതു ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സംവരണ വിഷയത്തില്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും തന്റെ മുന്‍പില്‍ നിര്‍ദേശം വന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പൂര്‍ണമായും ശരിയാണെന്നും എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവായ ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാലിക് മുസ്‌ലിംകള്‍ക്കു സംവരണം ഏര്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇതിനു പിന്നാലെ വിഷയം തന്റെ മുന്നിലെത്തിയിട്ടില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ഉദ്ധവ് താക്കറെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബി.ജെ.പിയും ഈ വിഷയം ശിവസേനയ്‌ക്കെതിരേ ആയുധമാക്കിയിരുന്നു.
അതിനിടെ, മഹാരാഷ്ട്രയിലെ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പുതിയ നിര്‍ദേശവുമായി ബി.ജെ.പി രംഗത്തെത്തി. മുസ്‌ലിംകള്‍ക്കുള്ള സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ്, എന്‍.സി.പി സമ്മര്‍ദം വരികയാണങ്കില്‍ അവരെ ഒഴിവാക്കാമെന്നായിരുന്നു ശിവസേനയോട് ബി.ജെ.പി നേതാവ് വ്യക്തമാക്കിയത്. അത്തരം സാഹചര്യം വരികയാണെങ്കില്‍ ശിവസേനയ്ക്കു ബി.ജെ.പി പിന്തുണ നല്‍കാമെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് സുധീര്‍ അറിയിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാകില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഉള്‍ക്കൊള്ളുന്ന 10 ശതമാനം ക്വാട്ട കേന്ദസര്‍ക്കാര്‍ ഇതിനകംതന്നെ തയാറാക്കിയിട്ടുണ്ട്. ഉദ്ധവ് താക്കറെ സ്വീകരിച്ച നിലപാടാണ് ശരി. കോണ്‍ഗ്രസും എന്‍.സി.പിയും വിഷയത്തില്‍ സമ്മര്‍ദം ചെലുത്തുകയാണങ്കില്‍ സേനയ്ക്കു ബി.ജെ.പി പിന്തുണ നല്‍കുമെന്നം അദ്ദേഹം പറഞ്ഞു. സംവരണ വിഷയം തന്റെ മുന്നിലെത്തിയില്ലെന്നും, വന്നാല്‍ അതിന്റെ സാധുത പരിശോധിച്ച് നീരുമാനമെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."