നീലേശ്വരത്ത് സര്‍ക്കാര്‍ ചിലവില്‍ ഇനി പ്രസവ ചികിത്സയില്ല
നീലേശ്വരം: താലൂക്കാശുപത്രിയില്‍ ആകെയുള്ള ഗൈനക്കോളജിസ്റ്റിനെ മാറ്റാന്‍ നീക്കം. ഇതോടെ താലൂക്കാശുപത്രിയില്‍ പ്രസവചികിത്സ പാടെ നിലച്ചു. പ്രസവവാര്‍ഡുണ്ടെങ്കിലും ഇവിടെ ഗര്‍ഭിണികളെ കിടത്തി ചികിത്സിക്കാതായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഒരു ഗൈനക്കോളജിസ്റ്റുള്ളത്‌കൊണ്ട് പ്രസവചികിത്സ സാധാരണ രീതിയില്‍ നടക്കാറുണ്ടായിരുന്നു. ഗൈനക്കോളജിസറ്റിനെ മാറ്റുന്നതോടെ അതും മുടങ്ങും. ഇപ്പോള്‍ തന്നെ നിലവിലുള്ള ഗൈനക്കോളജിസ്റ്റ് മറ്റെന്തോ പഠനവുമായി ബന്ധപ്പെട്ട് അവധിയിലാണ്. അതിനാല്‍ താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ പ്രസവ ചികിത്സയെ നടക്കുന്നില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിച്ച് കൊണ്ടിരിക്കുന്ന ഗൈനക്കോളജിസ്റ്റിനെയാണ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം മാറ്റിയത്. ഇപ്പോഴുള്ള ഗൈനക്കോളജിസ്റ്റ് ആഴ്ചയില്‍ മൂന്ന് ദിവസം നീലേശ്വരം താലൂക്ക് ആശുപത്രിയിലും മറ്റ് ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയിലുമാണ് ജോലി ചെയ്ത് വരുന്നത്. 24 മണിക്കൂറും ഒരു ഗൈനക്കോളജിസ്റ്റ് സേവനം ചെയ്യുന്നത് അധികഭാരമാകും എന്ന കാരണത്താലാണ് ഇവരെ വകുപ്പ് അധികൃതര്‍ ഇപ്പോള്‍ തൃക്കരിപ്പൂരിലേക്ക് സ്ഥലം മാറ്റുന്നതെന്നാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അന്നത്തെ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡ് അനുവദിച്ചതും അത് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതും.
പിന്നീട് കുറച്ചുനാളുകള്‍ എല്ലാം ക്രമാനുഗതമായി നടന്നെങ്കിലും പിന്നീട് കാര്യങ്ങളെല്ലാം കുഴഞ്ഞു മറിയുകയായിരുന്നു. ഗര്‍ഭാശയരോഗങ്ങള്‍ മുളയിലേ കണ്ടെത്തുന്നതിനും ഓപറേഷനടക്കം ചെയ്യാന്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചുവെങ്കിലും അത് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രസവവാര്‍ഡ് അനുവദിച്ച്്് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഡോക്ടറില്ലാതായി. ഗര്‍ഭിണികളെ ഇവിടെ കിടത്തി ചികിത്സിക്കാതായി. ഇതോടെ ഗര്‍ഭിണികള്‍ മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സ തേടി പോയി. പിന്നീടാണ് ഒരു ഗൈനക്കോളജിസറ്റിനെ നിയമിച്ചത്. ഗൈനക്കോളജിസ്റ്റ് വന്നുവെങ്കിലും പരിശോധനയല്ലാതെ പ്രസവമോ, കിടത്തി ചികിത്സയോ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നടന്നിട്ടില്ല.
പ്രസവമില്ലെങ്കിലും പ്രസവചികിത്സയെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍ ഇതുവരെ. എന്നാല്‍ ഗൈനക്കോളജിസ്റ്റിനെ മാറ്റുന്നതോടെ ഇനി നീലേശ്വരത്ത് പ്രസവചികിത്സയും മുടങ്ങും. 2010ലാണ് അന്നത്തെ തൃക്കരിപ്പൂര്‍ എം.എല്‍.എയുടെ പരിശ്രമഫലമായി നീലേശ്വരവും തൃക്കരിപ്പൂരും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. പ്രസവവാര്‍ഡില്‍ ആളെ അഡ്മിറ്റ് ചെയ്തു കിടത്തി ചികിത്സിക്കാത്തിടത്ത് ഗൈനക്കോളജിസ്റ്റിന്റെ സേവനം ആവശ്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ ന്യായീകരണം. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡുള്ളത് കൊണ്ട് ഗൈനക്കോളജിസ്റ്റിന്റെ ആവശ്യം അവിടെയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ എല്ലാ സൗകര്യങ്ങളുമുള്ള ജില്ലാ ആശുപത്രി അടുത്തുള്ളത് കൊണ്ടാണ് നീലേശ്വരത്ത് കിടത്തി ചികിത്സ നടത്താതെന്നാണ് ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം.
എന്തായാലും അവധി കഴിഞ്ഞ് വരുന്നതോടെ ഗൈനക്കോളജിസ്റ്റ് തൃക്കരിപ്പൂരില്‍ ചാര്‍ജ് ഏറ്റെടുക്കും. ഇതോടെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവചികിത്സ പൂര്‍ണമായും നിലക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."