സി.പി.എം ഓഫിസ് റെയ്ഡ്; ചൈത്ര തെരേസ ജോണിനെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി
തിരുവനന്തപുരം: സി.പി.എം ഓഫിസ് റെയ്ഡ് ചെയ്ത എസ്.പി ചൈത്ര തെരേസ ജോണിനെതിരായ റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി മനോജ് എബ്രഹാം റിപ്പോര്‍ട്ട് ഇന്നലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറിയിരുന്നു.
ചൈത്ര തെരേസ ജോണിനെതിരെ പ്രതികൂലമായ പരാമര്‍ശങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറി റെയ്ഡ് നടത്തുമ്പോള്‍ അല്‍പം കൂടി ജാഗ്രത ഡി.സി.പി കാണിക്കണമായിരുന്നുവെന്ന് എ.ഡി.ജി.പി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പത്തു മിനിട്ടു മാത്രമാണ് ഡി.സി.പിയും സംഘവും സി.പി.എം ഓഫിസില്‍ ചിലവിട്ടത്. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും തന്നെ ഡി.സി.പി ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലപ്രയോഗമോ സംഘര്‍ഷമോ പൊലിസ് സംഘം സൃഷ്ടിച്ചിട്ടില്ല. റെയ്ഡിന്റെ വിശദാംശങ്ങള്‍ ഡി.സി.പി അടുത്ത ദിവസം തന്നെ കോടതിയെ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമപരമായി ചൈത്ര തെരേസ ജോണിന്റെ നടപടികളില്‍ തെറ്റൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫിസ് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ചൈത്രയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും എ.ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്തിട്ട് പ്രതികളെ കണ്ടെത്താനായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം എന്തായാരിക്കുമെന്ന് മൂന്‍കൂട്ടി കാണുന്നതില്‍ ഡി.സി.പിക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. യാതൊരു തുടര്‍നടപടിയും ശുപാര്‍ശ ചെയ്യാതെയാണ് എ.ഡി.ജി.പി മനോജ് എബ്രഹാം റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയത് എന്നാണു സൂചന.
എന്നാല്‍ വിവാദങ്ങള്‍ക്ക് ഇടംകൊടുക്കാതെ തന്നെ പൊലിസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതികളെ പിടികൂടാമായിരുന്നുവെന്നാണ് പൊലിസ് കേന്ദ്രങ്ങളില്‍ പൊതുവെയുള്ള വികാരം. ഉന്നത സംഘടനാ നേതാക്കള്‍ പ്രതികളായ ബാങ്ക് ആക്രമണക്കേസില്‍ ശക്തമായ സമ്മര്‍ദത്തിലൂടെ മുഴുവന്‍ പ്രതികളും കീഴടങ്ങുന്ന സാഹചര്യമൊരുക്കാന്‍ പൊലിസിനായിരുന്നു.
സമാനമായ രീതിയില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതികളേയും കുടുക്കണമായിരുന്നുവെന്ന വികാരമാണ് പൊലിസ് സേനയ്ക്കുള്ളിലേത്. നിയമപ്രകാരം റെയ്ഡ് നടത്തിയ ഡി.സി.പിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന ചിന്തയും സേനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."