കായലോട് കൂട്ടവാഹനാപകടം
കൂത്തുപറമ്പ്: കൂത്തുപറമ്പ്-കണ്ണൂര്‍ റൂട്ടില്‍ കായലോട് കൂട്ടവാഹനാപകടം. പത്തുപേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍ രണ്ടു ബസുകളും കാറും ടിപ്പറും നാലു ബൈക്കുകളും തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ കായലോട് ജങ്ഷനിലായിരുന്നു അപകടം. കായലോട് നിന്നു കതിരൂര്‍ വഴി തലശ്ശേരിയിലേക്കു പോവുകയായിരുന്ന അരുവിപ്പുറം ബസും കൂത്തുപറമ്പില്‍ നിന്നു കണ്ണൂരിലേക്കു പോകുന്ന എം.കെ.വി ബസും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. കായലോട് ജങ്ഷനില്‍ നിന്നു തലശ്ശേരി റോഡിലേക്ക് കയറുകയായിരുന്ന അരുവിപ്പുറം ബസിന്റെ ക്ലീനര്‍ സീറ്റിന്റെ ഭാഗത്ത് എം.കെ.വി ബസ് ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കാര്‍, ടിപ്പര്‍, നാലു ബൈക്കുകള്‍ എന്നിവയും അപകടത്തില്‍പ്പെട്ടു.
ടിപ്പറിന്റെ ക്യാബിനകത്ത് കുടുങ്ങിയ ഡ്രൈവറെയും ടിപ്പറിനടിയില്‍ അകപ്പെട്ട ബൈക്ക് യാത്രികനെയും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണു പുറത്തെടുത്തത്. വിവരമറിഞ്ഞ് നിരവധി പേരാണു സ്ഥലത്തെത്തിയത്.
അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ കൂത്തുപറമ്പ് മാധവി നിവാസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ബാബുജയേഷിന് (34) സാരമായി പരുക്കേറ്റു. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പരുക്കേറ്റ കാര്‍ യാത്രികരായ പുറക്കളം പീടികക്കണ്ടി ഹൗസില്‍ ആയിഷ (45), സിയാദ് (30), ഷിസാന്‍ (15) എന്നിവരെയും ലോറി ഡ്രൈവറായ വേങ്ങാട് ഊര്‍പ്പള്ളിയിലെ അനിഷ നിവാസില്‍ അനില്‍ (35), ബസ് ക്ലീനര്‍ കാപ്പുമ്മല്‍ മാടത്തില്‍ ഹൗസില്‍ വിജയന്‍ (60) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."