ഹരിപ്പാട് മെഡിക്കല്‍ കോളജ്: വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മന്ത്രി ജി.സുധാകരന്‍
തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ആര്‍ച്ച്‌മെട്രിക്‌സ് എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാരിന് 40.29 കോടിയുടെ ലാഭമുണ്ടായെന്നു പറയുന്ന പൊതുമരാമത്ത് വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രി ജി.സുധാകരന്‍. ഈ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോളജ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത അന്നത്തെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നിലപാടാണ് റിപ്പോര്‍ട്ടിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 13 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പല പ്രധാന വിഷയങ്ങളിലും അവ്യക്തതയാണ്. അതിനാലാണ് ടെണ്ടറില്‍ നിന്നും പുറത്തായ ആന്‍സണ്‍സ് ഗ്രൂപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയിറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ആര്‍ച്ച് മെട്രിക്‌സ് ഗ്രൂപ്പ് മാത്രമെ 'പ്രിലിമിനറി റിപ്പോര്‍ട്ട് ' നല്‍കിയിട്ടുള്ളൂവെന്നും അവര്‍ മാത്രമെ ടെണ്ടര്‍ യോഗ്യത നേടിയുള്ളൂവെന്നും പറയുന്നു. താരതമ്യം ചെയ്യാന്‍ മറ്റാരുമില്ലാത്തതിനാല്‍ ആര്‍ച്ച്‌മെട്രിക്‌സ് ഗ്രൂപ്പിന്റെ എസ്റ്റിമേറ്റ് ശരിയാണെന്ന് കണക്കാക്കി ഏകപക്ഷീയമായി ടെണ്ടര്‍ ഉറപ്പിച്ചത് ചട്ടപ്രകാരം ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥാപിച്ചിട്ടില്ല. അതിനാല്‍ സര്‍ക്കാരിന് ഇതില്‍ സംശയം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജിന് ഇപ്പോള്‍ എത്ര ഏക്കര്‍ സ്ഥലം വേണമെന്നും 100 കിടക്കകളുള്ള ആശുപത്രി പണിയാന്‍ എത്ര സ്ഥലം വേണമെന്നും അതിന്‍പ്രകാരമാണോ ടെണ്ടര്‍ എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഇപ്പോള്‍ കേസുള്ളതിനാല്‍ മറ്റൊരു അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കുന്നില്ല. ഹൈക്കോടതി വിധിക്കു ശേഷം ഉചിതമായ നടപടി സ്വീകരിക്കും. മെഡിക്കല്‍ കോളജിന് വേണ്ടി 25 ഏക്കര്‍ സ്ഥലവും ഭൂമിയും വേണ്ടിവന്നാല്‍ 150 കോടി രൂപയും മുടക്കാമെന്ന് എന്‍.ടി.പി.സി സുപ്രിംകോടതിയില്‍ ബോധിപ്പിച്ചിരുന്നു.
എന്തുകൊണ്ട് എന്‍.ടി.പി.സിയുടെ ഭൂമി ഉപയോഗിച്ച് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നില്ലെന്നതിനും ഉത്തരം കിട്ടിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഹരിപ്പാട് മെഡിക്കല്‍ കോളജ് സംബന്ധിച്ച് ചില ആശങ്കകളല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ താല്‍പര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."