സബര്‍ബന്‍ റെയില്‍: സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് കേന്ദ്രത്തിന് പ്രതീക്ഷ
കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സ്വതന്ത്രമായ കമ്പനികള്‍ തുടങ്ങുകയും റെയില്‍വേ വികസനം സംസ്ഥാനതലത്തില്‍ അത്തരം കമ്പനികളെക്കൂടി ഏല്‍പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. വന്‍തോതിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നതെന്നും വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിര്‍വഹിച്ചു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
റെയില്‍വേയും കേരളവുമായി ചേര്‍ന്ന് സബര്‍ബന്‍ റെയില്‍ പദ്ധതി ആരംഭിക്കുന്നതിനു സംയുക്ത കമ്പനി രൂപീകരിക്കുന്നതിന് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു, പുതിയ ഇടതു സര്‍ക്കാരും ഈ നിലപാട് തുടരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിരുന്നെങ്കിലും താന്‍ കേരളത്തിലായതിനാല്‍ സമയം നല്‍കാനായില്ല. ഡി.ആര്‍.എം ഉള്‍പ്പടെയുള്ള മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായി അടുത്തുതന്നെ കൂടികാഴ്ച നടത്തുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
കേരളത്തില്‍ എറണാകുളം സ്റ്റേഷനില്‍ വൈഫൈ പദ്ധതി ആരംഭിച്ചു. തൃശുര്‍, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലും അടുത്തഘട്ടത്തില്‍ ഇതാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതികരിച്ച ചെറുവത്തുര്‍ ഷൊര്‍ണുര്‍ പാതയുടെ സമര്‍പ്പണം, നിലമ്പൂര്‍ റോഡിലെ പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സൗജന്യ അടിയന്തിരവൈദ്യസഹായകേന്ദ്രം, സസ്യഭോജനശാല, എ.സി കാത്തിരുപ്പ് കേന്ദ്രം, വൈ ഫൈ സംവിധാനം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി സഞ്ജീവ് ബല്യാന്‍, കെ.വി തോമസ് എം.പി, എം.എല്‍.എമാരായ പി.ടിതോമസ്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജയിന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."