മിന്നല്‍സമരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തു, സഭയില്‍ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമില്ല, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി
തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി നടത്തിയ മിന്നല്‍ പണിമുടക്കില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം. എന്നാല്‍ മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ(അവശ്യ സേവന നിയമം) പ്രകാരം കേസെടുത്തതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലറിയിച്ചു. മിന്നല്‍ പണിമുടക്ക് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയം നോട്ടിസിന് മറുപടി പറയുകയായിരുന്നു കടകംപള്ളി. സ്വകാര്യ ബസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്യല്‍, ഓട്ടോ ഡ്രൈവറെ തടഞ്ഞ് പരുക്കേല്‍പ്പിക്കല്‍, കെ.എസ്.ആര്‍.ടി.സി ബസ് ഉപയോഗിച്ച് വാഹന ഗതാഗതം തടസപ്പെടുത്തല്‍ എന്നീ സംഭവങ്ങളിലാണ് എസ്മ പ്രകാരം കേസെടുത്തത്.
ആറ്റുകാല്‍ ക്ഷേത്ര പരിസരത്തേക്ക് കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വിസുകളെ ബാധിക്കും വിധം സ്വകാര്യ ബസ് സമയം തെറ്റിയെത്തിയതാണ് മിന്നല്‍ പണിമുടക്കിലേക്ക് നയിച്ചതെന്നും വിഷയം പരിഹരിക്കാനെത്തിയ പൊലിസുമായുള്ള സംസാരം വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിമാറിയതായും ഇതിനെ തുടര്‍ന്ന് ഡി.ടി.ഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്‌കുമാര്‍, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെ പൊലിസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റിയതോടെയാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതെന്നുമായിരുന്നു മന്ത്രിയുടെവിശദീകരണം. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സഭയെ അറിയിച്ചു.
അസാധാരണ സംഭവമാണ് ഇന്നലെയുണ്ടായതെന്നും എന്നിട്ടും മുഖ്യമന്ത്രിയോ ഗതാഗത മന്ത്രിയോ ഇന്ന് സഭയിലില്ല. ഇത് സര്‍ക്കാരിന്റെ അലംഭാവമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗതാഗത മന്ത്രിക്ക് കത്തു നല്‍കിയിട്ടും ഗൗരവപൂര്‍വം പരിഗണിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ നല്‍കിയ മറുപടിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
എന്നാല്‍ മിന്നല്‍ സമരത്തോട് സമയത്ത് ഇടപെട്ടില്ലെന്ന ആരോപണം ശരിയല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭക്കുപുറത്ത് ഉടന്‍ തന്നെ ജില്ലാ കലക്ടറോട് ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം യാത്രക്കാരന്റെ മരണമറിഞ്ഞ ശേഷം ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തിയത് ശരിയായില്ലെന്നും മന്ത്രി പ്രതികരിച്ചു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുകയാണ്.
ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരായ തുടര്‍നടപടി സ്വീകരിക്കുക. സംഭവം ഗൗരവതരമായി കാണണമെന്ന് മുഖ്യമന്ത്രി ഇന്നലെ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ജില്ലാകലക്ടര്‍ ഇന്നലെ തന്നെ അടിയന്തര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."