മസാലപ്പൊടിയില്‍ കീടനാശിനി; ഏഴുമാസമായിട്ടും നടപടിയില്ല
കണ്ണൂര്‍: കേരളത്തില്‍ ഉപയോഗിക്കുന്ന മുളകുപൊടി മസാല ഉല്പന്നങ്ങളില് എത്തിയോണ്‍ കീടനാശിനിയുടെ അംശമുണ്ടെന്ന ഭക്ഷ്യസുരക്ഷാ ലാബുകളിലെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്ന് ഏഴുമാസമായിട്ടും നിയമനടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നു കറുവപ്പട്ട കര്ഷകന് ലിയനാഡോ ജോണ്‍. വിപണികളില്‍ ഇപ്പോഴും ഇത്തരം ഉല്പന്നങ്ങള് വിറ്റഴിക്കുന്നുണ്ട്. വിഷാംശം കലര്‍ന്ന ഉല്പന്നങ്ങളെ നിരോധിക്കാനുള്ള വൈമനസ്യത്തിന്റെ ഫലമാണ് ആലപ്പുഴയില്‍ കീടനാശിനി തളിക്കുന്നതിനിടയില്‍ രണ്ടു കര്‍ഷകര്‍ മരിച്ചത്. ഇതിലടങ്ങിയിരിക്കുന്നത് എത്തിയോണ്‍ കീടനാശിനിയാണെന്നു തെളിഞ്ഞതായും കൃഷിവകുപ്പിന്റെ അനാസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൃഷിഭവനുകളില്‍ കീടനാശിനി വിഷാംശം പരിശോധിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനം 202 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ഉണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിശ്ചലമാണ്. അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ എത്തിയോണ്‍ കീടനാശിനി ശ്വസിച്ചാല്‍ ശ്വാസതടസം, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വിഷാംശം വലിച്ചെടുക്കുന്ന ചെടികള്‍ക്കു വളര്‍ച്ച ഉണ്ടാകുമെങ്കിലും ഇതിന്റെ ഇലകള്‍ അപകടമാണ്. പാലക്കാട് ചെടികള്‍ ഭക്ഷിച്ച് ആടുകള്‍ മരിച്ചത് ഇത്തരം വിഷാംശം കലര്‍ന്നതാണ്. കേരളത്തില്‍ ഉപയോഗിക്കുന്ന കുപ്പിവെള്ളങ്ങളില്‍ രണ്ട് കമ്പനികളുടേതില്‍ കീടനാശിനിയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. നിയമസഭയില്‍ ബന്ധപ്പെട്ട മന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇത് ഏതു കമ്പനിയുടെ കുടിവെള്ളത്തിലാണ് വിഷാംശമെന്നു ചോദിക്കാനുള്ള ആര്‍ജവം നിയമസഭയിലെ 120 എം.എല്‍.എമാരില്‍ ഒരാള്‍ക്കുപോലും ഉണ്ടായിരുന്നില്ലെന്നു ലിയനാഡോ ജോണ്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."