തുടര്‍ പ്രവൃത്തികളില്‍ സര്‍ക്കാര്‍ സഹകരണം ഉറപ്പുവരുത്തണം
പടിഞ്ഞാറത്തറ: ജില്ലയിലെ തന്നെ പ്രധാന റോഡുകളിലൊന്നായ കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡ് പാടെ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായതോടെ നിരവധി ജനകീയ പ്രക്ഷോഭങ്ങളുടെയും സമ്മര്‍ദ്ധങ്ങളുടെയും ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് പ്രവൃത്തി ആരംഭിച്ചെങ്കിലും ചില വ്യക്തികള്‍ കോടതിയെ സമീപിച്ചതിനാല്‍ റോഡിന്റെ പ്രവൃത്തി നിലക്കാന്‍ പോകുകയാണ്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടല്‍ നടത്തണമെന്ന് കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം.എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. റോഡ് പണി നിലക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് കഴിയാവുന്ന എല്ലാ സഹായ സഹകരണങ്ങളും ആക്ഷന്‍ കമ്മിറ്റി നല്‍കും. നിയമ പോരാട്ടങ്ങള്‍ക്കൊപ്പം സ്ഥല ഉടമകളെയും കെട്ടിട ഉടമകളെയും സഹകരിപ്പിച്ച് സമവായ ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണം.
ആയിരക്കണക്കിന് യാത്രക്കാരും അത്രതന്നെ വാഹനങ്ങളും യാത്രക്ക് ആശ്രയിക്കുന്ന ഈ റോഡില്‍ ഭൂരിഭാഗവും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. പണി ആരംഭിച്ചത് കൊണ്ട് തന്നെ പലയിടങ്ങളിലും നവീകരണത്തിന് വേണ്ടി കലുങ്കുകള്‍ പൊളിച്ചിടുകയും റോഡിന്റെ സംരക്ഷണ ഭിത്തി കുഴിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്. പ്രവൃത്തി നിലച്ചാല്‍ യാത്രാ തടസ്സത്തിന് പുറമെ പൊടി ശല്യവും രൂക്ഷമാവും.
സ്‌റ്റേറ്റ് ഹൈവേ 54ല്‍ പെട്ട ഈ റോഡ് സ്‌കൂള്‍ കുട്ടികളും രോഗികളും വയോജനങ്ങളും നിത്യവും ആശ്രയിക്കുന്നതും ദിവസവും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കര്‍ലാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രം എന്നിവയിലേക്ക് കേരളത്തിന് അകത്തുനിന്നും വിദേശത്തുനിന്നുമടക്കം എത്തുന്ന വിനോദ സഞ്ചാരികളും യാത്രാദുരിതം കാരണം പൊറുതി മുട്ടുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ്ജ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന ബാണാസുര സാഗര്‍ ഡാം, കേരളത്തിലെ ഏറ്റവും വലിയ സ്വിപ് ലൈന്‍ അടക്കമുള്ള ആകര്‍ഷണങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച കര്‍ലാട് തടാകവും യാത്രാദുരിതം കാരണം നഷ്ടത്തിലായാല്‍ ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാവും.
ജില്ലയിലെ ഏക മാനസീകാരോഗ്യ കേന്ദ്രമായി ചെന്നലോട് ലൂയിസ് മൗണ്ട്, മത തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, നിരവധി സ്‌കൂളുകള്‍ എന്നിവയെല്ലാം ഈ റോഡിനോട് ചേര്‍ന്നുണ്ട്.
പടിഞ്ഞാറത്തറയില്‍ നിന്ന് രോഗികളെ കല്‍പ്പറ്റ ആശുപത്രിയിലെത്തിക്കണമെങ്കില്‍ കിലോമീറ്ററുകളോളം ദുരിത യാത്രവേണ്ടിവരികയാണ്. തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും യാത്രക്കാര്‍ ഒന്നിച്ച് ചേര്‍ന്നാണ് മുമ്പ് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."