കൊളംബിയയെ പെറു പൂട്ടുമോ ?
സാന്റ ക്ലാര: കോപ്പ അമേരിക്കയില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പെറു കരുത്തരായ കൊളംബിയയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തോറ്റെങ്കിലും ആധികാരികമായ രണ്ടു ജയങ്ങളോടെ ക്വാര്‍ട്ടറിലെത്തിയ കൊളംബിയ പെറുവിനെതിരേ വമ്പന്‍ ജയമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കൊളംബിയയെ ഞെട്ടിക്കാനുദേശിച്ചാണ് പെറു കളത്തിലിറങ്ങുന്നത്. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെ അട്ടിമറിച്ചാണ് പെറു ക്വാര്‍ട്ടറിലെത്തിയത്. മികച്ച താരങ്ങളുള്ള പെറുവില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യ രണ്ടു മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനമായിരുന്നു ടീമിന്റേത്.
പെറുവിനെതിരേ ആക്രമണ ഫുട്‌ബോളാണ് കൊളംബിയ ലക്ഷ്യമിടുന്നത്. ജെയിംസ് റോഡ്രിഗസാണ് ടീമിന്റെ കുന്തമുന. ഓസ്‌കര്‍ മുറില്ലോയ്ക്ക് പരുക്കേറ്റത് ടീമിന് തിരിച്ചടിയാണ്. മുറില്ലോ ക്വാര്‍ട്ടറില്‍ കളിക്കില്ലെന്ന് കോച്ച് ജോസ് പെക്കര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പ്രമുഖ താരങ്ങള്‍ക്ക് പരുക്കൊന്നുമില്ലെന്ന് കോച്ച് പറഞ്ഞു. കാര്‍ലോസ് ബക്ക കൊളംബിയയയുടെ മുന്നേറ്റത്തെ നയിക്കും. മികച്ച ഫോമിലാണ് താരം കളിക്കുന്നത്. കോസ്റ്റ റിക്കയ്‌ക്കെതിരേ കളിക്കാതിരുന്ന യുവാന്‍ ക്വഡ്രാഡോ, ഡേവിഡ് ഓസ്പിന, ജെയ്‌സന്‍ മുറില്ലോ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കും. സുപ്രധാന താരങ്ങള്‍ തിരിച്ചെത്തുന്നതോടെ കരുത്തുറ്റ നിരയായി കൊളംബിയ മാറും. ഗ്രൂപ്പ് ഘട്ടത്തില്‍ പരാഗ്വെ, അമേരിക്ക ടീമുകള്‍ക്കെതിരേ മികച്ച ജയം നേടിയാണ് കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ അവര്‍ക്ക് സെമിയിലേക്ക് മുന്നേറാം.
പൗലോ ഗൊറേറോ എന്ന ഒറ്റയാന്‍ പോരാളിയുടെ കരുത്തിലാണ് പെറു മുന്നേറുന്നത്. എഡിസന്‍ ഫ്‌ളോറസ്, ക്രിസ്റ്റ്യാന്‍ ക്യൂവ എന്നിവരും നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ മധ്യനിരയില്‍ നിന്നു കാര്യമായ സേവനം ടീമിന് ലഭിച്ചിട്ടില്ല. അതിലുപരി ഇരുവരും തമ്മില്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ പെറുവിന് സാധിച്ചിട്ടില്ല. ഈ അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ജയം കൊളംബിയക്കൊപ്പം നിന്നു. അവസാനം കളിച്ച ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പെറുവിന്റെ തോല്‍വി.
ഈ തോല്‍വിക്ക് കണക്കുതീര്‍ക്കുകയും ഒപ്പം സെമി ബര്‍ത്തും പെറു ലക്ഷ്യം വയ്ക്കുന്നു. ടീമില്‍ ആര്‍ക്കും പരുക്കില്ലെന്നതാണ് ക്വാര്‍ട്ടറിനിറങ്ങും മുന്‍പ് പെറുവിന് ആശ്വാസം പകരുന്നത്. റെനാറ്റോ ടാപിയ, ആല്‍ബര്‍ട്ടോ റോഡ്രിഗസ് എന്നിവര്‍ പരുക്കില്‍ നിന്നു മുക്തരായിട്ടുണ്ട്. ബ്രസീലിനെതിരേ ഗോള്‍ നേടിയ റൗള്‍ റൂയിഡിയസ്, ആന്‍ഡി പോളോ, എന്നിവര്‍ ഗൊറോറോയ്‌ക്കൊപ്പം ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കും. യോഷിമാര്‍ യോറ്റുന്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് കളിക്കില്ല. ആദാന്‍ ബാല്‍ബിന് പകരം ടാപിയ കളത്തിലിറങ്ങും. ആക്രമണത്തിന് പകരം പ്രതിരോധത്തിലൂന്നിയുള്ള മത്സരമായിരിക്കും പെറു നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."