കര്‍ഷകരെ കണ്ണീരിലാഴ്ത്തി നെല്‍ച്ചെടികളില്‍ മഞ്ഞളിപ്പുരോഗം പടരുന്നു
കൊഴിഞ്ഞാമ്പാറ: ജില്ലയില്‍ പ്രളയത്തിനുശേഷം ഒന്നാം വിളയുണ്ടാക്കിയ നഷ്ടം നികത്തും മുന്‍േപ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കി നെല്‍ച്ചെടികളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. രണ്ടാവിളയ്ക്കുള്ള നെല്‍ചെടികളില്‍ മഞ്ഞളിപ്പു രോഗം പടര്‍ന്നു പിടിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്.
ജില്ലയിലെ തന്നെ പ്രധാന നെല്ലുത്പാദന മേഖലകളായ കൊഴിഞ്ഞാമ്പാറ, പൊല്‍പ്പുള്ളി, നല്ലേപ്പുള്ളി പട്ടഞ്ചേരി, പെരുമാട്ടി എന്നിവിടങ്ങളിലാണ് നെല്‍ച്ചെടികളില്‍ അനിയന്ത്രിതമായി മഞ്ഞളിപ്പു രോഗം വ്യാപിക്കുന്നത്. മഞ്ഞളിപ്പുരോഗം ബാധിച്ച നെല്‍ച്ചെടികളില്‍ മുകളില്‍നിന്നു താഴേയ്ക്ക് നെല്ലോലകളില്‍ മഞ്ഞനിറമാകുന്ന സ്ഥിതിയാണ്. കൂടുതലായും കൃഷിച്ചെയ്യുന്ന ഉമ, ജ്യോതി എന്നീ വിത്തുകളില്‍ രോഗം പടരുന്നത് കര്‍ഷകരെ ആശങ്കയിലാക്കുകയാണിപ്പോള്‍.
സാധാരണഗതിയില്‍ മണ്ണില്‍ നൈട്രജന്റെ അഭാവമുള്ള മേഖലകളിലാണ് നെല്ലോലകള്‍ പൊതുവേ മഞ്ഞനിറമാവുകയെന്നിരിക്കെ ചിലയിടങ്ങളില്‍ മണ്ണില്‍ ബാക്ടീരിയ ആക്രമണം മൂലവും നെല്ലോലകള്‍ മഞ്ഞനിറമാകാറുണ്ട്. നേരത്തെ പെരുമാട്ടിയിലെ വിള ആരോഗ്യകേന്ദ്രം നടത്തിയ പഠനത്തിലും ഇക്കാര്യം സ്ഥിതീകരിച്ചിരുന്നുവെങ്കിലും ഓലകരിച്ചിലിന്റെ തുടക്കമാണെന്നാണ് കൃഷിവകുപ്പിന്റെ ഭാഷ്യം. ഇപ്പോള്‍ ഏകദേശം കതിര്‍നിരക്കിന്റെ പ്രായമെത്തിയ ചെടികളിലാണ് മഞ്ഞളിപ്പുരോഗം കാണുന്നത്. ഇത്തരത്തില്‍ ചെടികളില്‍ മഞ്ഞളിപ്പു രോഗത്തിനു കാരണമായ കാലാവസ്ഥാ വ്യതിയാനമെന്നാണ് പൊതുവെയുള്ള നിഗമനം. എന്നാല്‍ മഞ്ഞളിപ്പിനും ഓല കരിച്ചിലിനും പുറമെ നെല്‍ചെടികളില്‍ ഇലപ്പുള്ളി രോഗവും പടരുന്നതും കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
നെല്ലോലകളില്‍ തവിട്ടു നിറത്തിലുള്ള പുള്ളിക്കുത്തുകളാണ് ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണമെന്നതിനാല്‍ ഇതു പടരുന്നതോടെ നെല്‍ചെടികളുടെ ഹരിതകം തന്നെ ഇല്ലാതാക്കി ഹരിതകം നശിപ്പിക്കുമെന്നതാണ് സ്ഥിതി. ഇടക്കാലത്ത് നെല്‍ചെടികളില്‍ കാണപ്പെട്ട ഫംഗസ് മൂലമുള്ള രോഗവും വ്യാപകമായിരുന്നു.
മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനവും ജലദൗര്‍ലഭ്യവുമെല്ലാം ജില്ലയില്‍ നെല്‍കൃഷിയുടെ അളവില്‍ ഗണ്യമായ കുറവാണുണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ പ്രളയകാലത്തു നശിച്ച ഏക്കറുകണക്കിനു നെല്‍പ്പാടങ്ങള്‍ വീണ്ടും വിളവിറക്കി കാത്തിരുന്നവര്‍ക്കിപ്പോള്‍ ഇത്തരം രോഗങ്ങള്‍ വെള്ളിടിയായിത്തീര്‍ന്നിരിക്കുകയാണ്.
ജില്ലയില്‍ രണ്ടാം വിളയ്ക്കായി കൃഷിയിറക്കി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് നെല്‍ച്ചെടികളില്‍ മഞ്ഞളിപ്പ് രോഗം പടര്‍ന്നതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കാജനകമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."