യോഗാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തലവന്മാരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ സ്കൂളുകളിലും രാവിലെ 7.30 നും 10.30നുമിടയില്‍ ഒരു മണിക്കൂര്‍ വിദ്യാര്‍ഥികള്‍ യോഗാ പ്രാക്ടീസ് നടത്തും.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് മേഖലകള്‍ കേന്ദ്രീകരിച്ചു പൊതുജന പങ്കാളിത്തത്തോടെ ദിനാചരണം സംഘടിപ്പിക്കുന്നതിനു ഭാരതീയ ചികിത്സാ വകുപ്പിനെയും ഹോമിയോപ്പതി വകുപ്പിനെയും ചുമതലപ്പെടുത്തി എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ്, എന്‍.എസ്.എസ് വിഭാഗങ്ങളും പങ്കെടുക്കും. കോമണ്‍ യോഗാ പ്രോട്ടോകോളിന്റെ ഡി.വി.ഡി മലയാള മൊഴിമാറ്റം ആയുഷ് വകുപ്പ് തയാറാക്കും. സെക്രട്ടേറിയറ്റില്‍ പരിപാടി സംഘടിപ്പിക്കുന്ന ചുമതല പൊതുഭരണ വകുപ്പിനായിരിക്കും. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ യോഗാ പ്രാക്ടീസ് സംവിധാനം തുടരാനും ആയുഷ് വകുപ്പിനെ ചുമതലപ്പെടുത്തി.
സ്ഥിരം യോഗാ പരിശീലന പദ്ധതി നടപ്പാക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്കും ഭാരതീയ ആരോഗ്യ വകുപ്പിനും യോഗം അധികാരപ്പെടുത്തി. സംസ്ഥാനതല യോഗാദിനാചരണത്തിന്റെ ഏകോപനം ആയുഷ് വകുപ്പിനായിരിക്കും.
മുഖ്യമന്ത്രിക്കും സര്‍വകലാശാലകള്‍ക്കും
ഗവര്‍ണറുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: യോഗാദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രിക്കും സര്‍വ്വകലാശാലകള്‍ക്കും ഗവര്‍ണര്‍ പി.സദാശിവം നിര്‍ദേശം നല്കി.
ഇതുസംബന്ധിച്ച് ഈ മാസം രണ്ടിനുതന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സര്‍വ്വകലാശാല അധികൃതര്‍ക്കും കത്തയച്ചിരുന്നു. ഈ മാസം 21 -നാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്.
ദിനാചരണത്തിന്റെ ഭാഗമായി രാജ്ഭവന് ഓഡിറ്റോറിയത്തില്‍ രാവിലെ ഏഴ് മുതല്‍ എട്ട് വരെ യോഗ സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണറും പത്നിയും രാജ്ഭവനിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."