ശിവ് വിഹാറിലെ പാതി വെന്തെരിഞ്ഞ കബന്ധം
ശിവ് വിഹാറിലെ പാതി വെന്തെരിഞ്ഞ കബന്ധത്തിന്റെ കഥ പറഞ്ഞത് മുഹമ്മദ് ചോട്ടുവാണ്. 24ന് കലാപം കൊടുമ്പിരിക്കൊണ്ട ദിവസം. ചോട്ടുവിന്റെ 54കാരനായ സഹോദരന്‍ അന്‍വര്‍ വീട്ടിലുണ്ട്. പ്രദേശത്തെ മുസ്‌ലിം വീടുകള്‍ ഒന്നടങ്കം കത്തിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം വീടും കത്തിച്ചതോടെ ചോട്ടു തൊട്ടടുത്ത ഹിന്ദുവീട്ടില്‍ അഭയം തേടി. അവര്‍ ചോട്ടുവിനെ സുരക്ഷിതമായി ഒളിപ്പിച്ചു. എന്നാല്‍ അന്‍വറിന് ഒളിക്കാന്‍ കഴിഞ്ഞില്ല. തൊട്ടപ്പുറത്തെ തുറന്ന സ്ഥലത്ത് അന്‍വര്‍ നില്‍ക്കുന്നതും പിന്നിലൂടെ അക്രമികള്‍ ഓടിയെത്തുന്നതും വീടിന്റെ ജനലിലൂടെ ചോട്ടു കണ്ടിരുന്നു. രക്ഷിക്കാനോ മുന്നറിയിപ്പ് നല്‍കാനോ കഴിഞ്ഞില്ല. ഓടിയെത്തിയ ബജ്‌റംഗ്ദളുകാര്‍ അന്‍വറിനെ വെടിവച്ചു വീഴ്ത്തി. മരിച്ചെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മരിക്കാതിരുന്ന അന്‍വര്‍ എഴുന്നേല്‍ക്കാനൊരു ശ്രമം നടത്തിയെന്നും താനത് നിസഹായനായി കണ്ടു നിന്നെന്നും ചോട്ടു പറയുന്നു.
അവര്‍ അയാളെ ഇരുമ്പുവടികൊണ്ട് അടിച്ചു വീഴ്ത്തി. നിലത്തുവീണ അന്‍വറിനെ അവരില്‍ ചിലര്‍ ചേര്‍ന്ന് തോളിലെടുത്ത് നടന്നു. തൊട്ടപ്പുറത്ത് ഒരു വീട് കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിലേക്ക് അയാളെ വലിച്ചെറിഞ്ഞു. ശരീരം അഗ്നി വിഴുങ്ങിയപ്പോള്‍ അന്‍വറില്‍ നിന്ന് വല്ലാത്തൊരു നിലവിളിയുയര്‍ന്നെന്ന് ചോട്ടു പറയുന്നു. അപ്പോഴും ജീവനുണ്ടായിരുന്നു അന്‍വറിന്. പൊലിസെത്തിയതോടെ അക്രമികള്‍ മറ്റൊരു ഭാഗത്തേക്ക് പോയി. പുറത്തിറങ്ങിയ ചോട്ടു എങ്ങനെയോ രക്ഷപ്പെട്ടു. കത്തിയെരിഞ്ഞ വീടിനുള്ളില്‍ നിന്ന് പാതി വെന്തു തീര്‍ന്ന അന്‍വറിന്റെ മൃതദേഹം പിന്നീട് കണ്ടെടുത്തു. അതില്‍ രണ്ടു കാലുകള്‍ മാത്രമേ മനുഷ്യന്റെതെന്ന് തിരിച്ചറിയാനുണ്ടായിരുന്നുള്ളൂ. പൊലിസില്‍ പരാതിപ്പെട്ടെങ്കിലും പൊലിസ് ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല ചോട്ടുവിനോട് മോശമായി പെരുമാറുകയും ചെയ്തു. കേസും രജിസ്റ്റര്‍ ചെയ്തില്ല.
ഗുജറാത്തിനോട് മാത്രമല്ല 1992ലെ ബോംബെ കലാപത്തോടുമുണ്ടായിരുന്നു ഡല്‍ഹി കലാപത്തിന് സാമ്യം. കലാപത്തിന് മുമ്പ് മുസ്‌ലിംകള്‍ക്കെതിരേ ഡല്‍ഹിയിലെ തെരുവുകളില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു ഇതിലൊന്ന്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്യുന്നവര്‍ക്കെതിരേ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വിളിച്ച ദേശദ്രോഹികളെ വെടിവച്ചൂ കൊല്ലൂ എന്ന മുദ്രാവാക്യം ഡല്‍ഹിയില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെ തെരുവുകളില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നു. എന്തോ നടക്കാന്‍ പോകുന്നതിന്റെ ലക്ഷണം കലാപം തുടങ്ങുന്നതിന് നാലുദിവസം മുമ്പു തന്നെ പ്രകടമായിരുന്നു. മുസ്‌ലിംവീടുകള്‍ ആക്രമിക്കാന്‍ കല്ലുകളും ആയുധങ്ങളും ആളുകളും ഉത്തര്‍പ്രദേശില്‍ നിന്നെത്തിക്കുകയും പൊലിസും സജീവമായി പങ്കെടുക്കുകയും ചെയ്ത കലാപം കൂടിയായിരുന്നു ഡല്‍ഹിയിലേത്. അക്രമികള്‍ക്ക് മുസ്‌ലിംവീടുകള്‍ക്ക് നേരെ കല്ലെറിയാന്‍ കല്ലുകള്‍ തികയാതെ വന്നപ്പോള്‍ പൊലിസ് തന്നെ കല്ലുകള്‍ എത്തിച്ചു നല്‍കിയെന്ന് സാക്ഷിമൊഴികളിലുണ്ട്.
പറഞ്ഞാല്‍ തീരാത്ത ദുരിതങ്ങളുടെ കഥയാണ് ഡല്‍ഹി കലാപം. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടവര്‍ എല്ലാം ഉപേക്ഷിച്ച് പലായനയം ചെയ്യേണ്ടി വന്നവര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍. അവരെ കൊലപ്പെടുത്തുന്നത് കണ്ടു നില്‍ക്കേണ്ടി വന്നവര്‍. മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാതെ കാണാതായിപ്പോയവര്‍. ചികിത്സ കിട്ടാതായിപ്പോയവര്‍. ശരീരത്തില്‍ വെടിയുണ്ടകളുമായി ജീവിക്കുന്നവര്‍. കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍. ബന്ധുക്കളുടെ വിലാപം. മൃതദേഹങ്ങള്‍ തേടിയുള്ള തിരച്ചില്‍ തുടങ്ങി ഒരു കലാപത്തിന്റെ ഭീകരതയെല്ലാം ഡല്‍ഹി കലാപത്തിനുണ്ട്. വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിയാത്തവരില്‍ 13കാരന്‍ ഫൈസി ഹുസൈനുമുണ്ട്. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ നട്ടെല്ലിന് താഴെയാണ് ഫൈസിക്ക് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വെടിയേറ്റ് ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫൈസിയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് ചികിത്സിച്ച ജി.ടി.ബി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഫൈസിക്ക് വീടിനു തൊട്ടുമുമ്പില്‍ വച്ചാണ് വെടിയേല്‍ക്കുന്നത്. ഉടനെ കിട്ടിയ ഒട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ആ യാത്രയിലുടനീളം അക്രമികള്‍ വാഹനം തടഞ്ഞു. പലയിടത്തു നിന്നും ഒട്ടോക്കു നേരെ കല്ലേറുണ്ടായി. ഒരുവിധം ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്ന് ഫൈസിയുടെ പിതാവ് ഹുസൈന്‍ മുന്ന പറയുന്നു. സപൈനല്‍ കോഡിന് സമീപത്താണ് വെടിയുണ്ടയുള്ളത്. അത് പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കായിക താരം ആകണമെന്നായിരുന്നു മകന്റെ സ്വപ്നം. അതെങ്ങനെ സാധിക്കുമെന്നും മുന്ന ചോദിക്കുന്നു.
ഭഗീരഥി വിഹാര്‍ സ്വദേശിയായ 57കാരന്‍ ഇര്‍ഷാദ് അഹമ്മദ് സീലം പൂരിലേക്ക് പലായനം ചെയ്തത് ഉടുതുണി മാത്രം കൈയിലെടുത്താണ്. തിരിച്ചുവന്നപ്പോള്‍ വീടെല്ലാം കൊള്ളയടിച്ച് കത്തിച്ചിരുന്നു. ഇനി ഭഗീരഥി വിഹാറിലേക്കില്ലെന്നാണ് ഇര്‍ഷാദ് അഹമ്മദ് പറയുന്നു. ആയിരക്കണക്കിന് പേരാണ് നിലവില്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തത്. മുസ്‌ലിംകളെ സ്വന്തം വീടുകളില്‍ ഒളിപ്പിച്ച് ജീവന്‍ രക്ഷിച്ച അയല്‍ക്കാരായ ഹിന്ദുക്കള്‍, അഭയാര്‍ത്ഥികള്‍ക്കായി തുറന്ന മുസ്‌ലിംകളുടെ വീടുകള്‍, സഹായങ്ങളുമായി ഓടിയെത്തിയ അനവധിപേര്‍ ഇത്തരത്തില്‍ കണ്ണുനനയിക്കുന്ന നന്മകളുടെ കാഴ്ചകളും ഒരുപാടുണ്ട് കലാപഭൂമിയില്‍. എന്നാല്‍ ഇരകള്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ സഹായമൊന്നുമുണ്ടായില്ല. കലാപത്തിന് ഇരയായവരെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കാന്‍പോലും ഡല്‍ഹി സര്‍ക്കാര്‍ തയാറായില്ല. വീടു നഷ്ടപ്പെട്ടവര്‍ക്ക് ക്യാംപ് ഒരുക്കിയില്ല. ഭക്ഷണം നല്‍കിയില്ല. നാശനഷ്ടങ്ങള്‍ കണക്കാക്കാനോ അവ രേഖപ്പെടുത്താനോ ഔദ്യോഗിക സംവിധാനങ്ങളില്ല. കത്തിയമര്‍ന്ന വീടുകളുടെ വിഡിയോ ഔദ്യോഗികമായി ചിത്രീകരിക്കാത്തതിനാല്‍ ഉടമകള്‍ക്ക് വൃത്തിയാക്കാന്‍ കഴിയുന്നില്ല.
ദുരിതാശ്വാസ ക്യാംപുകളുടെ സ്ഥിതിയും ശോചനീയമാണ്. മഴകൂടി പെയ്തതോടെ ക്യാംപുകള്‍ വൃത്തിഹീനമായി. പകര്‍ച്ചവ്യാധികളടക്കം രോഗങ്ങള്‍ വിളിച്ചുവരുത്തുന്നതാണ് സാഹചര്യം. അക്രമം കണ്‍മുന്നില്‍ക്കണ്ടവരുടെ ഉള്ളതെല്ലാം നഷ്ടപ്പെട്ടതിന് സാക്ഷിയായവരുടെ മാനസിക പ്രശ്‌നങ്ങളാണ് മറ്റൊരു ദുരന്തമെന്ന് കലാപബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടകളുടെ പ്രവര്‍ത്തകര്‍ പറയുന്നു. കുടുംബങ്ങളെ പുനരധിവാസ മുള്‍പ്പടെയുള്ള വിഷയങ്ങളും ചിലരെ അലട്ടുന്നുണ്ട്. നിരവധി പേര്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നതായി ഡല്‍ഹിയിലെ സംഘര്‍ഷ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സുപ്രിംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഈ വിഷയം കൈകാര്യം ചെയ്യാനായി തങ്ങള്‍ സന്നദ്ധരായ ഡോക്ടര്‍മാരെയും സൈക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി ക്യാംപുകള്‍ സജ്ജീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. തെരുവുകളിലെ തീയെ അടങ്ങിയിട്ടുള്ളൂ. ഇരകളുടെ മനസിലെ തീയടങ്ങാന്‍ പതിറ്റാണ്ടുകളെടുക്കും.
(അവസാനിച്ചു)
ആദ്യ ഭാഗങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."