മാഹി ഫയര്‍ സ്റ്റേഷനില്‍ തീയണക്കാന്‍ ആളില്ല
മാഹി: മാഹിയില്‍ ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാര്‍ക്ക് ക്ഷാമം. ഓഫിസില്‍ മൂന്നു വാഹനങ്ങളുണ്ടെങ്കിലും ഡ്രൈവര്‍ ഒരാള്‍ മാത്രമാണുള്ളത്. വേനല്‍ക്കാലമായതോടെ ദിവസവും ഒന്നിലധികം സ്ഥലങ്ങളില്‍ തീപ്പിടിത്തമുണ്ടാകുന്നതിനാല്‍ 24 മണിക്കൂറും ജോലി ചെയ്യണം. ആധുനിക രീതിയിലുള്ള വാഹനം അടുത്തിടെ മാഹിക്ക് ലഭിച്ചിരുന്നു. ഇതോടൊപ്പം മറ്റുപല യന്ത്രസാമഗ്രികളും ഇവിടെയുണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ല. ഇപ്പോള്‍ നാല് തസ്തികകള്‍ ഒഴിഞ്ഞുകിടപ്പാണ്. തീപിടിത്തമുണ്ടായാല്‍ വെള്ളം കൊണ്ടുപോകാന്‍ ഇരുപതു വര്‍ഷം പഴക്കമുള്ള ഒരു ടാങ്കര്‍ ലോറി മാത്രമാണ് ഇവിടെയുള്ളത്. ഇടയ്ക്കിടെ അത് തകരാറിലുമാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് ചെറിയ തീപിടുത്തം ഉണ്ടായതിനെത്തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മാഹിയില്‍ തന്നെ ആറോളം പെട്രോള്‍ പമ്പുകളും നിരവധി പടക്കശാലകളുമുണ്ട്. കൂടാതെ നഗരത്തില്‍ ഒട്ടേറെ മദ്യഷാപ്പുകളുമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പള്ളൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായി പടക്കശാലകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പല കടകളും ഒരു നിയന്ത്രണവുമില്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മാഹിയിലെ രൂക്ഷമായ മാലിന്യക്കൂമ്പാരവും തീപ്പിടിത്തമുണ്ടാകുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."