സഭാജീവനക്കാരനോട് ക്ഷോഭിച്ചു; പി.സി ജോര്‍ജിനെ സ്പീക്കര്‍ ശാസിച്ചു
തിരുവനന്തപുരം: നിയമസഭയിലെ ജീവനക്കാരനോട് ക്ഷുഭിതനായ പി.സി ജോര്‍ജിനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ശാസിച്ചു. ചോദ്യോത്തരവേളയില്‍ കെ.എന്‍.എ ഖാദര്‍ സംസാരിക്കുന്നതിനിടെയാണ് താന്‍ നല്‍കിയ കത്ത് നിയമസഭാ ജീവനക്കാരന്‍ സ്പീക്കര്‍ക്കു കൈമാറാന്‍ വൈകുന്നത് കണ്ട് പി.സി ജോര്‍ജ് സീറ്റില്‍ നിന്ന് എഴുന്നേറ്റത്. ഡസ്‌കില്‍ രണ്ടു തവണ തട്ടി എഴുന്നേറ്റ ജോര്‍ജ് താനിന്നെങ്ങാനും അതു കൊടുക്കുമോടോ എന്നും മറ്റും പറഞ്ഞു. മറ്റു സഭാംഗങ്ങളുടെ മുന്നില്‍ അവഹേളിക്കപ്പെട്ടതോടെ ജീവനക്കാരന്‍ പരിഭ്രാന്തനായി. ഉടന്‍ തന്നെ ജീവനക്കാരന്‍ സ്പീക്കര്‍ക്കു കത്ത് കൈമാറുകയായിരുന്നു. ജോര്‍ജ് കയര്‍ക്കുന്നതിനെതിരേ മറ്റംഗങ്ങള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ സ്പീക്കര്‍ ഇടപെട്ടു. സ്പീക്കര്‍ക്ക് കൊടുത്തയച്ച കത്ത് ജീവനക്കാരന്‍ നല്‍കാന്‍ വൈകിയെന്ന് ജോര്‍ജ് പറഞ്ഞപ്പോള്‍, അതൊക്കെ അവര്‍ തന്നോളുമെന്നും ഇങ്ങനെയാണോ സഭയില്‍ പെരുമാറുന്നതെന്നും ഇതൊന്നും ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ജീവനക്കാരെ എടോ പോടോ എന്നൊന്നും വിളിക്കേണ്ട. ജീവനക്കാരാണ് എന്നു കരുതി എന്തും വിളിച്ചുപറയരുത്. അവര്‍ ഒരുപാട് ജോലികള്‍ ഒരുമിച്ചാണ് ചെയ്യുന്നത്. താങ്കള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ മതിയെന്നും പറഞ്ഞ സ്പീക്കര്‍, ഇരിക്കവിടെ എന്ന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."