ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കു പ്രത്യേക ശൗചാലയം വിവാദമായതോടെ നീക്കം ചെയ്തു
സംഭവം വിവാദമായതോടെ പരാതിയുമായി
ഡി.വൈ.എഫ്.ഐ
രംഗത്തെത്തി
തൃശൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കു ശൗചാലയ സംവരണം. സാംസ്‌കാരിക തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള കുറ്റൂര്‍ മഹാദേവ ക്ഷേത്രത്തോടു ചേര്‍ന്ന ദേവസ്വം ഭൂമിയിലെ ശൗചാലയങ്ങളിലാണ് സ്ത്രീ, പുരുഷന്‍ എന്നതിനൊപ്പം ബ്രാഹ്മണര്‍ക്കു കൂടി പ്രത്യേക ശൗചാലയമുള്ളത്.
മറ്റു ശൗചാലയങ്ങള്‍ പൊതു ആവശ്യത്തിനെന്നോണം തുറന്നുകിടക്കുമ്പോള്‍ സംവരണ ശൗചാലയം താക്കോല്‍ ഉപയോഗിച്ച് പൂട്ടിയ നിലയിലാണ്. ക്ഷേത്രക്കുളത്തോടു ചേര്‍ന്ന് പൊതുറോഡിലേക്ക് കയറുന്നിടത്താണ് ശൗചാലയം. ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയ കൊച്ചി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി പി.കെ കണ്ണനാണ് സുഹൃത്ത് അരവിന്ദ് ക്രിസ്റ്റോ പകര്‍ത്തിയ ചിത്രം സാമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. നവോത്ഥാന മൂല്യങ്ങള്‍ ഉഴുതുമറിച്ച കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നിലനില്‍ക്കുന്നത് വിചിത്രമെന്നു പറയുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.
ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രത്തിലാണ് ഇത്തരം വിവേചനം നിലനില്‍ക്കുന്നത് എന്നതും വലിയ വിമര്‍ശനത്തിനിടയാക്കി. സംഭവം വിവാദമായതോടെ പരാതിയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. വൈകീട്ടോടെ ക്ഷേത്രം അധികൃതര്‍ പ്രത്യേക ശൗചാലയത്തിന്റെ ചുമരെഴുത്ത് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."