സോണിയ പാത്രം കഴുകുന്ന ചിത്രം വാട്സ്ആപ്പിലിട്ടതിനെച്ചൊല്ലി സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
ജബല്‍പുര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രം വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരസ്പരം നടത്തിയ അക്രമത്തില്‍ ആറു പേര്‍ക്കു പരുക്കേറ്റു. മധ്യപ്രദേശിലെ ജബല്പുറിലെ പൊലിസ് സ്റ്റേഷനിലാണ് സംഭവം.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഉമേഷ് വര്‍മ എന്ന 33കാരനാണ് കൊല്ലപ്പെട്ടത്. വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പൊലിസ് സ്റ്റേഷനിലെത്തിയ ഇരുവിഭാഗവും തര്‍ക്കം തുടരുകയായിരുന്നു. കത്തി കൊണ്ട് കുത്തിയാണ് ഉമേഷ് വര്‍മയെ കൊന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജതിന് രാജ് ആരോപിച്ചു.
വിജയ് ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലാണ് സോണിയ ഗാന്ധി പാത്രം കഴുകുന്ന ഫോട്ടോ പങ്കുവച്ചത്. കൂടെ, കോണ്‍ഗ്രസ് പ്രസിഡന്റിനെ മോദി ഈ നിലയില്‍ എത്തിച്ചുവെന്ന കമ്മന്റുമിട്ടു. ഇതോടെ ഗ്രൂപ്പിലെ അംഗങ്ങള്‍ ചേരിതിരിഞ്ഞ് തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം ഗ്രൂപ്പിനു പുറത്തെത്തിയതോടെ പൊലിസെത്തി എല്ലാവരെയും സ്റ്റേഷനില്‍ കൊണ്ടുപോയി. എന്നാല്‍ സ്റ്റേഷനികത്തുവച്ച് ഉമേഷിനെ മറുസംഘം കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ അക്രമം നടന്നത് പൊലിസ് സ്റ്റേഷനിലല്ലെന്നാണ് സിറ്റി പൊലിസ് സൂപ്രണ്ട് ഇന്ദര്‍ജീത്ത് ബല്സവാര് പറയുന്നത്. സംഭവം തെളിയിക്കാന്‍ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."