സഊദിയില്‍ പുതിയ വികസന ചരിത്രം; 427 ബില്യണ്‍ ഡോളര്‍ നിക്ഷേപം
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ച് സഊദി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒന്നര ട്രില്ല്യന്‍ റിയാല്‍ ലക്ഷ്യം വെക്കുന്ന വന്‍കിട പദ്ധതികള്‍ കിരീടാവകാശിയും സാമ്പത്തിക ആസൂത്രണ മേധാവിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ്. റിയാദ് റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നിരവധി നിക്ഷേപകരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പ്രഖ്യാപന ദിനം തന്നെ വിവിധ വന്‍കിട കമ്പനികളുമായി ആദ്യ ഘട്ടമെന്നോണം നൂറ് ബില്യണ്‍ റിയാലിന്റെ 37 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. 29 കരാറുകളും ധാരണാപത്രങ്ങളും പിന്നീട് ഒപ്പുവെക്കും.
ഊര്‍ജ്ജം, ഖനനം, വ്യവസായം, ചരക്കു നീക്കം എന്നീ മേഖലയിലാണ് പുതിയ പദ്ധതികള്‍. സഊദി വിഷന്‍ 2030 ലക്ഷ്യമാക്കിയുള്ള വന്‍കിട പദ്ധതികള്‍ പത്തു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കും. ഊര്‍ജ്ജം, ഖനനം, വ്യവസായം, ചരക്കു നീക്കം എന്നീ മേഖലയില്‍ എഴുപത് ബില്ല്യന്‍ റിയാലിന്റെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കി.മി ദൈര്‍ഘ്യമുള്ള റെയില്‍വേ എന്നിവയുള്‍പ്പെടെ ഗതാഗത രംഗത്ത് മാത്രം 50 ബില്യണ്‍ റിയാലിന്റെ പദ്ധതികളും വരുന്നുണ്ട്. വിഷന്‍ 2030 പദ്ധതിയുടെ ഏറ്റവും പ്രധാന ഭാഗമാണ് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് പ്രോഗ്രാം. ഊര്‍ജം, വ്യവസായം, ഖനനം, ലോജിസ്റ്റിക് സേവനങ്ങള്‍ എന്നീ നാലു മേഖലകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ശേഷികള്‍ സംയോജിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പുതിയ വികസന പദ്ധതികളുടെ പ്രഖ്യാപനം സ്വദേശികള്‍ക്കൊപ്പം വിദേശികളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. വന്‍കിട പദ്ധതികള്‍ കൂട്ടത്തോടെ വരുമ്പോള്‍ ലക്ഷക്കണക്കിന് താല്‍കാലിക, സ്ഥിരം തൊഴിലുകളില്‍ വിദേശികള്‍ക്ക് വന്‍ സാധ്യതയാണ് ഒരുങ്ങുന്നത്. പതിനഞ്ച് ലക്ഷത്തിലേറെ ജോലി സാധ്യതകളാണ് പുതിയ പ്രഖ്യാപനം തുറന്നിടുന്നതെന്നാണ് കരുതുന്നത്. സ്യകാര്യ മേഖലയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നതോടെ തൊഴിലില്ലായ്മ നിരക്കും കുറയുമെന്നാണ് പ്രതീക്ഷ.
ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനി പ്രതിനിധികളുമായുള്ള കരാര്‍ കിരീടാവകാശിയുടെ സാന്നിധ്യത്തിലാണ് ഒപ്പ് വെച്ചത്. വ്യവസായ ഊര്‍ജ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അല്‍ ഫാലിഹ്, ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ലോകത്തെ ഏറ്റവും മികച്ച പത്തു ലോജിസ്റ്റിക് കേന്ദ്രങ്ങളില്‍ ഒന്നായി സഊദി അറേബ്യയെ മാറ്റുന്നതിനാണ് പദ്ധതിയെന്ന് ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."