HOME
DETAILS
MAL
പാരമ്പര്യത്തിന്റെ ഗരിമയില്‍ സന്തോഷ് ട്രോഫി ; കളിക്കളം വീണ്ടും ഉണരുമ്പോള്‍
backup
January 29 2019 | 10:01 AM
#യു.എച്ച് സിദ്ദീഖ്
ഐ.എസ്.എല്ലും ഐലീഗും അരങ്ങുതകര്‍ക്കുന്ന കാലത്തും സന്തോഷ് ട്രോഫിയുടെ പ്രാധാന്യം എന്തെന്ന് ചോദ്യം ഉയര്‍ത്തുന്നവരുണ്ടാകാം. എന്നാല്‍, പാരമ്പര്യത്തിന്റെ ഗരിമ പേറുന്ന സന്തോഷ് ട്രോഫിയെ നെഞ്ചേറ്റുന്ന സമൂഹം അങ്ങ് കൊല്‍ക്കത്തയിലും ഇങ്ങ് കേരളത്തിലും തൊട്ടപ്പുറത്ത് ഗോവയിലുമെല്ലാം ഉണ്ട്. കാല്‍പന്തുകളിയില്‍ ആവേശം നിറച്ചു സന്തോഷ് ട്രോഫി കിരീടത്തിനായുള്ള പോരാട്ടത്തിന് കളിക്കളം വീണ്ടും ഉണരുകയാണ്. ചാംപ്യന്മാരായ കേരളം കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് തയ്യാറെടുത്തു കഴിഞ്ഞു. പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിച്ച പോരാളികളെയാണ് പരിശീലകന്‍ വി.പി ഷാജിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. പച്ചപുല്‍മൈതാനങ്ങളില്‍ ഇനി കാറ്റുനിറച്ച തുകല്‍ പന്തിന് പിന്നാലെ കിരീടം തേടി കേരളം കുതിക്കും.
ചരിത്രത്തിലൂടെ സഞ്ചരിച്ചവര്‍
സന്തോഷ് ട്രോഫി ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ രചിച്ചായിരുന്നു കൊല്‍ക്കത്തയിലെ ഉപ്പുതടാക കരയില്‍ വിവേകാനന്ദ യുബ ഭാരതി ക്രീഡനിലെ പച്ചപുല്‍മൈതാനിയില്‍ 2018 ഏപ്രില്‍ ഒന്നിന്ന് അസ്തമയ സൂര്യനെ സാക്ഷി നിര്‍ത്തി കേരളം കിരീടം ഉയര്‍ത്തിയത്. സതീവന്‍ ബാലന്റെ പിള്ളേര്‍ ബംഗാള്‍ കടുവകളെ മടയില്‍ എത്തി 4-2 ന് കേരളം വീഴ്ത്തുമ്പോള്‍ കൈയടിക്കാന്‍ അധികം ആരാധകരൊന്നും ഉണ്ടായിരുന്നില്ല. കാല്‍പന്തിന്റെ നിലയ്ക്കാത്ത താളം നെഞ്ചിലേറ്റി പോരാട്ടം കാണാന്‍ എത്തിയ ബംഗാള്‍ ആരാധകര്‍ ഒരു ഭാഗത്ത് ആര്‍ത്തിരമ്പുപ്പോഴും എണ്ണത്തില്‍ ശുഷ്‌ക്കമായ മലയാളി ആരാധകര്‍ നെഞ്ചുവിരിച്ചാണ് അന്ന് കൈയൂക്കിനെ നേരിട്ടു കേരളത്തിനായി കൈയടിച്ചത്.
സന്തോഷ് ട്രോഫിയുടെ 72 വര്‍ഷ ചരിത്രത്തില്‍ 2018 ലേത് കേരളത്തിന്റെ 14 ാം ഫൈനലിനായിരുന്നു. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഫൈനലില്‍ കേരളം പന്തുതട്ടിയത്. ആറാം സന്തോഷ് ട്രോഫി കിരീട നേട്ടവുമായി കേരളം മടങ്ങിയത്. 24 വര്‍ഷത്തിന് ശേഷം ഫൈനലില്‍ ബംഗാളിനെ കീഴടക്കിയ ചരിത്ര നേട്ടം. 1993-94 സീസണില്‍ ഒഡിഷയിലെ കട്ടക്കില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ നേരിടേണ്ടി വന്ന തോല്‍വിക്ക് ഷൂട്ടൗട്ടിലൂടെ തന്നെ കേരളം ബംഗാളിനെ വീഴ്ത്തിയപ്പോല്‍ അതൊരു മധുരപ്രതികാരം കൂടിയായിരുന്നു. അതുവരെ സന്തോഷ് ട്രോഫി ചരിത്രം എന്നും ബംഗാളിനൊപ്പം മാത്രമായിരുന്നു. സന്തോഷ് ട്രോഫി ചരിത്രത്തില്‍ പത്ത് ഫൈനലുകള്‍ ബംഗാള്‍ സ്വന്തം നാട്ടില്‍ കളിച്ച ബംഗാള്‍ ഒന്‍പതിലും കിരീടം ചൂടിയിരുന്നു. എന്നാല്‍, പത്താം പോരാട്ടത്തില്‍ മലയാളി യുവതവത്തിന്റെ കരുത്ത് ആ ചരിത്രം തിരുത്തിയാണ് മടങ്ങിയത്.
മുന്നേ നടന്നവര്‍ക്ക് സല്യൂട്ട്, പ്രതീക്ഷകളാണിവര്‍...
വീണ്ടുമൊരു സന്തോഷ് ട്രോഫി കാലം എത്തുമ്പോള്‍ ക്യാപ്ടന്‍ മണിയും ഐ.എം വിജയനും വി.പി സത്യനും യു. ഷറഫലിയും സി.വി പാപ്പച്ചനും ജോപോള്‍ അഞ്ചേരിയും... അങ്ങനെ ഇന്ത്യന്‍ ഫുട്‌ബോളിന് എത്രയെത്ര കരുത്തന്മാരെയാണ് കേരളം സമ്മാനിച്ചത്. അവരുടെ പിന്ഗാമികളായി ബൂട്ടുക്കെട്ടി കിരീടം കേരളത്തിലേക്ക് തിരിച്ചെത്തിച്ച രാഹുല്‍ വി. രാജും സീസണ്‍ സെല്‍വനും വി. മിഥുനും മുഹമ്മദ് പാറേക്കാട്ടിലും സജിത് പൗലോസുമെല്ലാം ഇത്തവണയും ടീമിലുണ്ട്. സീസണ്‍ പുതിയ നായകനായി എത്തുമ്പോള്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ ചോരാത്ത കൈകളുമായി നെഞ്ചുവിരിച്ചു നില്‍ക്കുന്ന മിഥുന്‍ ഉപനായകനായി എത്തുന്നു. യുവത്വവും പരിചയ സമ്പത്തും കോര്‍ത്തിണക്കിയ ഈ ടീമില്‍ കേരളത്തിന് പ്രതീക്ഷയര്‍പ്പിക്കാം. കിരീടം കൈവിടില്ലെന്ന പ്രതീക്ഷ...
ടീം കേരള :
ഗോള്‍കീപ്പര്‍: മിഥുന്‍, ഹജ്മല്‍, മുഹമ്മദ് അസര്‍
പ്രതിരോധം: ഷരീഫ്, അലക്‌സ് സജി, രാഹുല്‍ വി. രാജ്, ലിജോ എസ്, സലാ, ഫ്രാന്‍സിസ്, സഫുവാന്‍
മധ്യനിര : സീസണ്‍, ഗിഫ്റ്റി, ഇനായത്, മുഹമ്മദ് പറക്കോട്ടില്‍, ജിപ്‌സണ്‍, ജിതിന്‍
ആക്രമണം : അനുരാഗ്, ക്രിസ്റ്റി, സജിത് പൗലോസ്, സ്റ്റെഫിന്‍ ദാസ്
സൗത് സോണ്‍ ഗ്രൂപ്പ് ബി :
ഫെബ്രുവരി 4 : കേരളം - തെലങ്കാന
ഫെബ്രുവരി 6 : കേരളം - പോണ്ടിച്ചേരി
ഫെബ്രുവരി 8 : കേരളം സര്‍വീസസ്
'സന്തോഷം' നിറച്ച കിരീടവും കേരളത്തിലെ ആ നശിച്ച ഹര്‍ത്താലും
2018 ഏപ്രില്‍ 1. സന്തോഷ് ട്രോഫി ഫൈനല്‍ പോരാട്ടം. കേരളത്തില്‍ ഏപ്രില്‍ രണ്ട് ഹര്‍ത്താല്‍ ആയതിനാല്‍ പത്രം നേരത്തെ അച്ചടിക്കണം. ഡെഡ്‌ലൈന്‍ സമയം അഞ്ച് മണിയാണ്. അങ്ങ് കൊല്‍ക്കത്തയില്‍ കളി അധിക സമയവും പിന്നിട്ട് നീണ്ടു പോകുകയാണ്. മീഡിയ ബോക്‌സില്‍ ഞങ്ങള്‍ മലയാളി കളി എഴുത്തുകാര്‍ എരിപൊരി സഞ്ചാരത്തിലാണ്. കിരീട ജേതാക്കളെ കണ്ടെത്താന്‍ വിധി നിര്‍ണയം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ കേരളത്തിനായി ഷോട്ട് ഉതിര്‍ക്കാനെത്തിയത് നായകന്‍ രാഹുല്‍ വി. രാജ്. ബംഗാള്‍ ഗോളി രണജിത് മുഖര്‍ജി മജുംദറെ കബളിച്ച് പന്ത് വലയിലാക്കി. ജിതിന്‍ ഗോപാലനും ജസ്റ്റിന്‍ ജോര്‍ജും വീണ്ടും വീണ്ടും വലകുലുക്കി. ബംഗാളിന് വേണ്ടി ഷോട്ട് എടുത്ത അങ്കിത് മുഖര്‍ജിയ്ക്കും നബി ഹുസൈന്‍ഖാനും ലക്ഷ്യം കാണാനായില്ല. കേരളത്തിന്റെ ചോരാത്ത കൈകളായ മിഥുനെ കീഴടക്കാനായില്ലെന്നതാണ് സത്യം. തീര്‍ഥങ്ക സര്‍ക്കാരും സജ്ഞയ് സമാധാനും ബംഗാളിനായി ലക്ഷ്യം കണ്ടു. ഒടുവില്‍ ചോദിച്ചു വാങ്ങിയ (ബലമായി പിടിച്ചു വാങ്ങിയതാണ്) പന്തുമായി സീസണ്‍ സെല്‍വന്‍ പെനാള്‍ട്ടി എടുക്കാനായി എത്തി. ഗാലറിയില്‍ കേരളത്തിനെതിരേ ബംഗാള്‍ ആരാധകരുടെ കൂക്കുവിളികള്‍ കേള്‍ക്കാം. മീഡിയ ബോക്‌സ് നിശബ്ദമാണ്. ഗോളിയായി നില്‍ക്കുന്നത് ബംഗാള്‍ ക്യാപ്ടന്‍ ജിതന്‍ മുര്‍മു. സീസണ്‍ പന്തുതൊടുത്തു. പന്ത് വലയിലേക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ ഗാലറി നിശബ്ദം. ബംഗാളിന്റെ നെഞ്ചകം തകര്‍ത്ത് കേരളം കിരീടം ഉയര്‍ത്തുമ്പോള്‍ മീഡിയ ബോക്‌സില്‍ കൈയടിച്ച് ആഹ്ലാദിക്കാന്‍ ഞങ്ങള്‍ നാലഞ്ച് മലയാളികളും ഞങ്ങളോടൊപ്പം ചേര്‍ന്ന ബംഗാളിലെ മുതിര്‍ന്ന ചില കളി എഴുത്ത് ആശാന്‍മാരും മാത്രം... ഒന്നാം പേജില്‍ ലീഡ് വാര്‍ത്തയും സ്‌പോര്‍ട്‌സ് പേജിന്റെ 75 ശതമാനത്തോളം കവര്‍ന്നെടുത്ത കളി വിവരണവും വൈകിട്ട് അഞ്ചരക്ക് ഉള്ളില്‍ തന്നെ കോഴിക്കോട് ഡസ്‌കില്‍ എത്തിക്കാനായി എന്നത് ഇന്നും വിശ്വസിക്കാന്‍ പ്രയാസം. കേരളത്തിന്റെ കിരീട നേട്ടം നന്നായി ആസ്വദിച്ച് എഴുതാനായില്ലെന്ന നിരാശ ഇന്നും ബാക്കി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."