തങ്ങള്‍ക്കുമേല്‍ ഇസ്രാഈല്‍ ജലയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കുള്ള കുടിവെള്ളം നിഷേധിച്ച ഇസ്രാഈല്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫലസ്തീനികള്‍ക്കുമേല്‍ ഇസ്രാഈല്‍ ജലയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദില്ലാഹ് പറഞ്ഞു.
അന്തസ്സുറ്റ ജീവിതത്തില്‍ നിന്ന് ഫലസ്തീനികളെ തടയലാണ് ഇസ്രാഈലിന്റെ ആവശ്യമെന്ന് ഹംദില്ലാഹ് കുറ്റപ്പെടുത്തി. ഇതിനായി ഞങ്ങളുടെ ജല സ്രോതസ്സുകള്‍ നിയന്ത്രിക്കുകയാണ്. അതേസമയം, അനധികൃത ഇസ്രാഈല്‍ താമസക്കാര്‍ക്ക് ഒരു മുടക്കവുമില്ലാതെ വെള്ളം ലഭിക്കുകയാണ്. തങ്ങളുടെ സ്വന്തം സ്ഥലത്തുനിന്ന് ഫലസ്തീനികള്‍ വലിയ വില കൊടുത്ത് വെള്ളം വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഹംദില്ലാഹ് പ്രസ്താവനയില്‍ പറഞ്ഞു.
മെക്കോറോത്ത് എന്ന ഏജന്‍സിയാണ് ഫലസ്തീനിയന്‍ നഗരങ്ങളില്‍ വെള്ളം വിതരണം ചെയ്യുന്നത്. റമദാന്‍ മാസത്തില്‍ പോലും ശുദ്ധവെള്ളം ലഭിക്കാതെ വലയുകയാണ് ഇവിടെയുള്ള ഫലസ്തീനികള്‍. ജെനിന്‍ മുനിസിപ്പാലിറ്റി, സാല്‍ഫിത്ത്, നബ്‌ലുസ് നഗരങ്ങളും സമീപ ഗ്രാമങ്ങളിലും ഇതേ ഏജന്‍സിയാണ് വെള്ളം വിതരണം ചെയ്യുന്നത്.
ചില പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചിട്ട് 40 ദിവസങ്ങള്‍ വരെയായെന്ന് ഫലസ്തീനിയന്‍ ഹൈഡ്രോളജി ഗ്രൂപ്പ് എന്ന എന്‍.ജി.ഒയുടെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അയ്മന്‍ റാബി പറഞ്ഞു. ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണെന്നും ട്രക്കുകള്‍ക്കു പിന്നാലെ ഓടുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഇസ്രാഈല്‍ അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. വെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടിയതാണ് താല്‍ക്കാലികമായി വിതരണം മുടങ്ങിയതെന്നും എല്ലായിടത്തും വെള്ളമെത്തിക്കുന്നുണ്ടെന്നുമാണ് ഇവരുടെ വാദം. ജലലഭ്യത കുറവായതിനാല്‍ ചെറിയ കുറവു വരുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് മെക്കോറോത്ത് ഏജന്‍സി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."