ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം
അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട 11 പേർക്ക് ജീവപര്യന്തം തടവും മറ്റ് 12 പേർക്ക് ഏഴുവർഷം ഒരാൾക്ക് 10 വർഷവും തടവുശിക്ഷ വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ 24 പേര്‍ക്കുള്ള ശിക്ഷയാണ് ജഡ്ജി പി.ബി ദേശായി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍,സാമുദായിത ഐക്യം തകര്‍ക്കല്‍, കലാപം ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൈലാസ് ഗോപി, യോഗേഷ് സിങ് ശെഖാവത്ത്, രാജു തിവാരി, ദിലീപ്, ജയേഷ്, ലക്ഷ്മണ് സിങ്, ഭരത് രാജു സിങ്. ദിനേശ് ശര്‍മ്മ, ഭാരത്, ഭരത് രാജു സിങ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. സംഭവം നടന്ന് 14 വര്‍ഷങ്ങള്‍ക്ക ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
2002ല്‍ ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 11 പേര്‍ക്കെതിരേയുള്ള കൊലക്കുറ്റം ശരിവക്കുകയും 66 പ്രതികളില്‍ 36 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ബി.ജെ.പി നേതാവ് ബിപിന്‍ പട്ടേലും വെറുതേവിട്ടവരില്പെടുന്നു. അഹമ്മദാബാദ് പ്രത്യേക എസ്.ഐ.ടി കോടതിയാണ് വിധി പുറപ്പെടുവിച്ചിരുന്നത്. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ചമന്‍പുരയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഒരു സംഘം കൂട്ടആക്രമണം അഴിച്ചുവിടുകയായിരുന്നു. കേസില്‍ ഈ മാസം മൂന്ന് തവണ ശിക്ഷാവിധി പ്രസ്താവിക്കുന്നത് മാറ്റിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."