പാനൂരും നെടുമ്പാശേരിയിലും അപകടം; ടിപ്പര്‍ രണ്ട് വിദ്യാര്‍ഥികളുടെ ജീവനെടുത്തു
നെടുമ്പാശേരി/പാനൂര്‍: സംസ്ഥാനത്ത് ടിപ്പര്‍ലോറികള്‍ ഉണ്ടാക്കിയ അപകടങ്ങളില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. നെടുമ്പാശേരിയില്‍ നാലാംക്ലാസുകാരനും പാനൂരില്‍ ബൈക്കില്‍ മിനി ടിപ്പര്‍ ലോറിയിടിച്ച് ഏഴുവയസുകാരിയുമാണ് മരിച്ചത്.
നെടുമ്പാശേരിയില്‍ ചെങ്ങമനാട് പനയക്കടവ് കുഴിക്കണ്ടത്തില്‍ വീട്ടില്‍ കെ.എ ജിന്നാസിന്റെ മകന്‍ മുഹമ്മദ് ജസീമാണ് (9) മരിച്ചത്. ചെങ്ങമനാട് തലക്കൊള്ളി റോഡില്‍ പനയക്കടവ് പുതിയ പാലത്തിന് സമീപത്ത് ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. സമീപത്തെ കടയില്‍ നിന്ന് നോട്ട്ബുക്ക് വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഈ സമയം തലക്കൊള്ളി ഭാഗത്ത് നിന്ന് ഹോളോബ്രിക്‌സ് കയറ്റിയ ടിപ്പര്‍ ഇടുങ്ങിയ റോഡിലൂടെ കയറ്റം കയറി വരികയായിരുന്നു. സ്വകാര്യ വ്യക്തിയുടെ മതിലില്‍ വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ റോഡരികില്‍ കമ്പി സ്ഥാപിച്ചിരുന്നതിനാല്‍ സൈക്കിള്‍ മുന്നോട്ടു പോകാന്‍ കഴിയാതെ ജസീം കാല്‍കുത്തി നിന്നു. ഈ സമയം മുന്നോട്ടു നീങ്ങിയ ടിപ്പര്‍ എതിര്‍ വശത്തെ കുഴി ഒഴിവാക്കാന്‍ വലത്തോട്ടു തിരിച്ചു. ഇതിനിടയില്‍ നിയന്ത്രണംവിട്ട ജാസിം ടിപ്പറിനടിയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
അങ്കമാലി ഹോളിഫാമിലി എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയും പനയക്കടവ് നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ മൂന്നാം ക്‌ളാസ് വിദ്യാര്‍ഥിയുമാണ്. പാലപ്രശ്ശേരി തച്ചകത്ത് കുടുംബാംഗം സബീനയാണ് മാതാവ്. സഹോദരി: സയാന ( ഹോളിഫാമിലി എല്‍.പി സ്‌കൂള്‍, അങ്കമാലി). അപകടത്തിനിടയാക്കിയ ടിപ്പറും ഡ്രൈവര്‍ തട്ടാംപടി സ്വദേശി ഹരീഷിനെയും ചെങ്ങമനാട് പൊലിസ് കസ്റ്റഡിയിലെടുത്തു.
പാനൂരിലുണ്ടായ അപകടത്തില്‍ കല്ലുവളപ്പിലെ പുതിയപറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകളും സെന്‍ട്രല്‍ പുത്തൂര്‍ എല്‍.പി സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയുമായ ആന്‍വിയ ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45ഓടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി സ്‌കൂളിനു സമീപമായിരുന്നു സംഭവം.
അമ്മാവന്‍ പ്രനീഷിനൊപ്പം ബൈക്കില്‍ സ്‌കൂളിലേക്കു പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവില്‍ ബൈക്കിനെ മറികടന്നെത്തിയ ലോറിയുടെ പിന്‍ഭാഗം ഇവരെടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടി തലയിടിച്ച് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ പാനൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ പ്രനീഷിനെ പാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സഹോദരന്‍: അന്‍വിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."