എരുമത്തെരുവ്-ചെറ്റപ്പാലം ബൈപാസ് റോഡ്; എല്ലായിടത്തും ഒരേ വീതി നാട്ടുകാര്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു
മാനന്തവാടി: വര്‍ഷങ്ങളായി പാതിവഴിയില്‍ നിലച്ച ചെറ്റപ്പാലം-എരുമത്തെരുവ് ബൈപ്പാസ് റോഡ് പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായി. ഇതോടെ റോഡിന്റെ മുഴുവന്‍ ഭാഗങ്ങളും ഒരേവീതിയില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അമ്പുകുത്തി ജങ്ഷനില്‍ നിന്ന് കൂനാര്‍ വയല്‍ വരെയുള്ള 175 മീറ്റര്‍ ദൂരമാണ് 25 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് കോണ്‍ക്രീറ്റ് നിര്‍മാണം കഴിഞ്ഞ മാസം ആരംഭിച്ചത്. മൂന്ന് കോടി രൂപ ചെലവില്‍ ചെറ്റപ്പാലം മുതല്‍ കൂനാര്‍ വയല്‍വരെയുള്ള നിര്‍മാണം 2014 ഫെബ്രുവരിയില്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നു. സ്ഥലം വിട്ടു കിട്ടാത്തതിനാല്‍ ബാക്കി ഭാഗം നിര്‍മാണം നടക്കാതെ കിടക്കുകയും പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ മാരത്തോണ്‍ ചര്‍ച്ച നടത്തി മുക്കാല്‍ ഭാഗത്തോളം വീതി കൂട്ടാന്‍ സ്ഥലം വിട്ടു നല്‍കാന്‍ ധാരണയായത്. തര്‍ക്കം നിലനില്‍ക്കുന്ന ഭാഗത്ത് നിലവിലുള്ള വീതിയില്‍ തന്നെ കോണ്‍ക്രീറ്റ് ചെയ്യാനായിരുന്നു നേരത്തെ ധാരണയായത്. എന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നവരുമായി നിരന്തരമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വീടിനോട് ചേര്‍ന്ന മതിലുകള്‍ പൊളിച്ചു നീക്കി റോഡ് വികസനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ തയാറായത്. ഈ റോഡ് തുറക്കുന്നതോടെ കണ്ണൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ ഇരുഭാഗങ്ങളിലേക്കും പോകാന്‍ കഴിയും. ഇത് മാനന്തവാടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."