ബിദാര്‍ സ്‌കൂള്‍ മാനേജര്‍ക്ക് മുന്‍കൂര്‍ ജാമ്യം
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേ സ്‌കൂളില്‍ നാടകം അവതരിപ്പിച്ച കേസില്‍ സ്‌കൂള്‍ മാനേജര്‍ക്കു കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ണാടക ബിദറിലെ ഷഹീന്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഖാദറിനാണ് ബിദര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയ്ക്കും അതേ തുകയുടെ ആള്‍ജാമ്യത്തിനുമാണ് ജാമ്യം.
അറസ്റ്റിന് സാധ്യതയുണ്ടെന്നു കാണിച്ച് ഖാദര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. സെഷന്‍സ് ജഡ്ജി മനഗോലി പ്രേമാവതിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളല്ലാം തള്ളിയ കോടതി, നാടകം ഒരുതരത്തിലും സാമുദായിക സൗഹാര്‍ദത്തെ ബാധിച്ചിട്ടില്ലെന്നും രാജ്യദ്രോഹക്കുറ്റം ചാര്‍ത്താനായ തെളിവുകളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കി. നാടകത്തിലെ സംഭാഷണം മുഴുവന്‍ വായിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിയില്ല. നാടകത്തിലെ സംഭാഷണം സര്‍ക്കാരിനോടുള്ള വിദ്വേഷമോ വെറുപ്പോ അല്ലെന്നും കോടതി വ്യക്തമാക്കി. നിരവധി അവാര്‍ഡുകള്‍ നേടിയ ഷഹീന്‍ സ്‌കൂളിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം കടന്നുകൂടിയെന്നാരോപിച്ചാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ഫരീദ ബീഗം, ഒരു വിദ്യാര്‍ഥിയുടെ മാതാവ് അനുജ മിര്‍സ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 16 ദിവസത്തെ കസ്റ്റഡിക്കു ശേഷം ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.
ജനുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരേയാണ് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."