ശബരിമല കേസിന് ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയ്ക്കെതിരായ ഹരജി ശബരിമല സ്ത്രീ പ്രവേശനമുള്‍പ്പടെ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങള്‍ സംബന്ധിച്ച കേസിന് ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ. ഹരജി പരിഗണിക്കുന്നത് നീണ്ടു പോകുന്നത് പ്രധാന ഹരജിക്കാരായ മുസ്ലിം ലീഗിന്റെ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബോബ്ദെയുടെ പ്രതികരണം.
വിഷയം ഹോളി അവധിക്ക് ശേഷം വീണ്ടും ശ്രദ്ധയില്‍പ്പെടുത്താനും ചീഫ് ജസ്റ്റിസ് കപില്‍ സിബലിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പിരിയുന്ന കോടതി ഹോളി അവധിക്ക് ശേഷം 16നാണ് വീണ്ടും തുറക്കുന്നത്.
വിഷയത്തില്‍ പല തവണ സമയം നീട്ടി നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ഇത് രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. പൗരത്വനിയമഭേദഗതി കേസില്‍ ഇടക്കാല വിധി ആവശ്യമുണ്ടെന്നും അതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. അതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം മതിയാവുമെന്നും സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹോളി അവധിക്ക് ശേഷം ഇക്കാര്യം വീണ്ടും ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു ബോബ്ദെ സിബലിനോട് ആവശ്യപ്പെട്ടത്.
ജനുവരി 22നാണ് കേന്ദ്രത്തിന് നാലാഴ്ച സമയം നല്കി സുപ്രിം കോടതി കേസ് മാറ്റിവച്ചത്. എന്നാല്‍ ഒന്നരമാസത്തോളമായിട്ടും കേന്ദ്രസര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. കേസ് ഭരണഘടനാ ബെഞ്ചിലേക്ക് വിടുമെന്ന് സുപ്രിം കോടതി നേരത്തെ സൂചന നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."