കൊട്ടിയൂര്‍ പീഡനം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സിറ്റിങ് തടഞ്ഞു
കല്‍പറ്റ: വൈദികന്‍ പ്രതിയായ പീഡന കേസ് ഒതുക്കാന്‍ കൂട്ടുനിന്ന വയനാട് സി.ഡബ്ല്യു.സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമിതി ആസ്ഥാനമായ കണിയാമ്പറ്റയില്‍ ഇന്നലെ നടത്താനിരുന്ന സിറ്റിങ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
മാനന്തവാടി രൂപതയിലെ വൈദിക പ്രമുഖന്‍ ഫാ. റോബിന്‍ വടക്കാഞ്ചേരി പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഉണ്ടായ ചോരക്കുഞ്ഞിനെ സഭയുടെ കീഴിലുള്ള വൈത്തിരി ഇന്‍ഫെന്റ് മേരി ഫോണ്ടിലിങ് ഹോമില്‍ പ്രവേശിപ്പിച്ച് കേസ് ഒതുക്കാന്‍ കൂട്ടുനിന്ന മാനന്തവാടി രൂപതാ പി.ആര്‍.ഒ കൂടിയായ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, വനിതാ മെമ്പര്‍ ഡോ. സിസ്റ്റര്‍ ബെറ്റി എന്നിവരെ വെള്ളപൂശുകയാണ് സമിതി ചെയ്തിട്ടുള്ളത്.
അതിക്രൂരവും പൈശാചികവുമായ വൈദികന്റെ പീഡന കേസ് ഒതുക്കിയത് ചെല്‍ഡ് വെല്‍ഫയര്‍ നിയമത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ്. ഇതിന് കൂട്ടുനിന്ന ചെയര്‍മാനെയും അംഗത്തെയും ന്യായീകരിക്കാന്‍ മറ്റ് അംഗങ്ങള്‍ കൂടി തയാറായത് സമിതിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കി. അതിനാല്‍ വയനാട് സി.ഡബ്ല്യു.സി ഒന്നാകെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ബദല്‍ സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എ.ഐ.വൈ.എഫ് സമരം. സമിതി ഓഫിസ് കവാടം രാവിലെ മുതല്‍ പിക്കറ്റ് ചെയ്ത എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ട് സമിതി സിറ്റിങ് മാറ്റിവയ്പ്പിച്ചു. സമരം ജില്ലാ സെക്രട്ടറി വിനു ഐസക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാരീസ്, ലെനി സ്റ്റാന്‍സ് ജേക്കബ്, രഞ്ജിത്ത് കമ്മന, മഹേഷ് കൃഷ്ണന്‍, എല്‍ദോ, സുമേഷ്, റഹീം, ഉണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."