ഏഷ്യന്‍ കപ്പ്: യു.എ.ഇക്കെതിരെ ഖത്തറിന് എതിരില്ലാത്ത നാലു ഗോള്‍ വിജയം
ദുബൈ: യു.എ.ഇയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലില്‍ കടന്നു. യു.എ.ഇയുടെ മണ്ണില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്.
കളിയുടെ 22-ആം മിനുട്ടില്‍ ബവോലും ഖൗകിയാണ് സ്റ്റേഡിയത്തെ മുഴുവന്‍ നിശ്ബദരാക്കി ആദ്യം വല കുലുക്കിയത്. ഖൗകിയുടെ ഒരു ദുര്‍ബലമായ ഷോട്ട് യു.എ.ഇ ഗോള്‍ കീപ്പറുടെ ജഡ്ജ്മെന്റ് പിഴവില്‍ വലയിലേക്ക് കയറുകയായിരുന്നു.
37ആം മിനുട്ടില്‍ അല്മോസിലൂടെ ഖത്തര്‍ കളിയിലെ രണ്ടാം ഗോളും നേടി. ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു അല്‍ മോസിന്റെ ഗോള്‍. രണ്ട് ഗോളുകള്‍ക്കും അഫീഫ് ആയിരുന്നു അവസരം ഒരുക്കിയത്. രണ്ടാം പകുതിയില്‍ യു.എ.ഇ മെച്ചപ്പെട്ട ഫുട്ബോള്‍ കാഴ്ചവെച്ചുവെങ്കിലും ഗോള്‍ നേടാനോ കളിയിലേക്ക് തിരിച്ചുവരാനോ ആയില്ല.
80ആം മിനുട്ടില്‍ വീണ്ടും ഒരു അഫീഫ് പാസില്‍ നിന്ന് പിറന്ന അവസരം മുതലെടുത്ത് ഗോള്‍ കീപ്പറെ ചിപ്പ് ചെയ്ത ഫിനിഷിലൂടെ അല്‍ ഹയ്ദോസ് ഖത്തറിന്റെ മൂന്നാം ഗോളും നേടി. തുടര്‍ന്ന് അഹ്മദ് ഇസ്മാഈലിന്റെ വക നാലാം ഗോളും വലയിലേക്ക് പറന്നു.
ഈ ടൂര്‍ണമെന്റില്‍ കളിച്ച ആറു മത്സരങ്ങളില്‍ 16 ഗോളുകള്‍ നേടിയ ഖത്തര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല എന്നത് അവരുടെ കരുത്ത് വ്യക്തമാക്കുന്നു. ഫൈനലില്‍ ജപ്പാനെയാണ് ഖത്തര്‍ നേരിടുക. ഇറാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ജപ്പാന് ഫൈനലില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."