മധ്യപ്രദേശില്‍ ചാക്കിടുമ്പോള്‍ മഹാരാഷ്ട്ര ശ്രദ്ധിക്കണം!
മുംബൈ: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്-സ്വതന്ത്ര എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ പതിനഞ്ചോളം ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യത്തിന്റെ അവകാശവാദം. എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജയന്ത് പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
15 ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, എന്നാല്‍ പ്രതിപക്ഷത്തെ ഈ ഭിന്നത മുതലെടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി റിസോര്‍ട്ടിലേക്കു മാറ്റിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു ജയന്ത് പാട്ടീലിന്റെ വെളിപ്പെടുത്തല്‍. അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് ബി.ജെ.പി നേതാക്കളെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.ഇന്നലെ വരെ ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളെ ബന്ധപ്പെട്ടതായാണ് പാട്ടീല്‍ പറയുന്നത്. തങ്ങളുമായി അവര്‍ നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്. അവരുടെ മനസ് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍, മറ്റൊരു പാര്‍ട്ടിയുടെ എം.എല്‍.എമാരെ റാഞ്ചുന്നത് നല്ല നിലപാടല്ലെന്നു തങ്ങള്‍ക്കറിയാമെന്നും തങ്ങളതു ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അഞ്ചു ശതമാനം സംവരണമേര്‍പ്പെടുത്തുമെന്നു വ്യക്തമാക്കി നേരത്തെ മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, അക്കാര്യം തനിക്കറിയില്ലെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രതികരിച്ചു.
ഭരണസഖ്യത്തിലെ ഈ അഭിപ്രായവ്യത്യാസം മുതലെടുത്ത് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും എന്‍.സി.പിയും സര്‍ക്കാര്‍ വിട്ടാല്‍ ശിവസേനയ്ക്കു തങ്ങള്‍ പിന്തുണ നല്‍കുമെന്നായിരുന്നു ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ചിരുന്നത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി കുതിരക്കച്ചവടം ചര്‍ച്ചയായതിനു പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എ രാജിവച്ചു. ഹര്‍ദീപ് സിങ് ദങ്ങാണ് രാജിവച്ചത്. ഇദ്ദേഹം സ്പീക്കര്‍ക്കു രാജി സമര്‍പ്പിച്ചിട്ടുണ്ട്. കാണാതായ നാല് എം.എല്‍.എമാരില്‍ ഒരാളാണ് ഇദ്ദേഹം.
മന്ത്രിമാരെ വിമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ രാജിക്കത്ത്. അതേസമയം, ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനു പിന്നില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നീക്കമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. നിലവില്‍ ഇവിടെനിന്നു രാജ്യസഭയിലേക്കു മൂന്നു സീറ്റുകളാണ് ഒഴിവു വരുന്നത്. ഇതില്‍ ഒന്ന് കോണ്‍ഗ്രസിന്റെയും രണ്ടെണ്ണം ബി.ജെ.പിയുടെ കൈയിലുമാണ്.
കോണ്‍ഗ്രസ് പ്രതിനിധിയായി ദിഗ് വിജയ് സിങ്ങും ബി.ജെ.പി അംഗങ്ങളായി സത്യനാരായണന്‍ ജതിയയും പ്രഭാത് ജാ എന്നിവരുമാണ് സംസ്ഥാനത്തുനിന്നുള്ളത്. എന്നാല്‍, നിലവിലെ സംസ്ഥാന കക്ഷിനില അനുസരിച്ച് കോണ്‍ഗ്രസിന് രണ്ടുപേരെ ജയിപ്പിക്കാന്‍ കഴിയുമ്പോള്‍ ബി.ജെ.പിക്ക് ഒരാളെയേ ജയിപ്പിക്കാനാകൂ.
അതേസമയം, തങ്ങളുടെ ചേരിയിലുള്ള 14 എം.എല്‍.എമാരെയാണ് ബി.ജെ.പി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ദേശീയ തലത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം അവര്‍ ജനാധിപത്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണന്നും അരുണാചല്‍ പ്രദേശില്‍നിന്നാണ് ഇത് തുടങ്ങിയതന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം, ബി.ജെ.പി കര്‍ണാടകയിലേക്കു മാറ്റിയ നാല് എം.എല്‍.എമാരെ ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ലെന്നാണ് വിവരം. ഹരിയാനയില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എം.എല്‍.എമാരുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും പാര്‍ട്ടി ആരോപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."