നദീ സംരക്ഷണം: കേരളത്തിന് ഹരിത ട്രൈബ്യൂനലിന്റെ വിമര്‍ശനം
ന്യൂഡല്‍ഹി: കേരളത്തിലെ നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂനലിന്റെ നിശിതവിമര്‍ശനം. നദികള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കേരളത്തിന്റെ ഭാഗത്തുനിന്നുള്ള അലംഭാവത്തിന് സംസ്ഥാന സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ട്രൈബ്യൂനല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ ഗോയല്‍ വ്യക്തമാക്കി. നഷ്ടപരിഹാരം ഈടാക്കാന്‍ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന് അനുമതി നല്‍കി ഉത്തരവ് ഇറക്കുമെന്നും ട്രൈബ്യൂനല്‍ അറിയിച്ചു.
നദികള്‍ മലിനമാക്കുന്നവരില്‍നിന്ന് സര്‍ക്കാര്‍ എന്തുകൊണ്ടാണ് നഷ്ടപരിഹാരം ഈടാക്കാത്തതെന്നു ചോദിച്ച ട്രൈബ്യൂനല്‍, ജനങ്ങളുടെ അവകാശം ലംഘിക്കാന്‍ നദികള്‍ മലിനപ്പെടുത്തുന്നവരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നും ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റാതെ കടലാസ് പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരെന്നും കുറ്റപ്പെടുത്തി. കരമനയാര്‍, തിരൂര്‍ - പൊന്നാനി നദീ മലിനീകരണ കേസുകളാണ് ട്രൈബ്യൂനല്‍ മുന്‍പാകെയുള്ളത്. കേസ് ഏപ്രിലില്‍ വീണ്ടും പരിഗണിക്കും.
മലിനീകരണം തടയുന്നതിനായി യോഗം വിളിച്ച് പദ്ധതികള്‍ ആസൂത്രണംചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ലെന്നു നിരീക്ഷിച്ച ട്രൈബ്യൂനല്‍ ഏപ്രില്‍ 25ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. മലിനീകരണത്തിന് കാരണമായ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ട്രൈബ്യൂനല്‍ നിര്‍ദേശിച്ചു. മലിനീകരണം തടയാന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് എ.വി രാമകൃഷ്ണപ്പിള്ള അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."