കൊവിഡ്: ഇറാനില്‍ മരണം 107 ആയി
തെഹ്‌റാന്‍: ഇന്നലെ 15 മരണംകൂടി സ്ഥിരീകരിച്ചതോടെ ഇറാനില്‍ കൊവിഡ് മരണം 107 ആയി. രാജ്യത്ത് 3,513 പേര്‍ക്ക് രോഗം ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ട്. ഈ മാസം 20 വരെ രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ രണ്ടുപേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു.
ഈജിപ്ത് സ്വദേശിയായ ഒരാള്‍ക്ക് ആദ്യമായി വൈറസ് ബാധ തെളിഞ്ഞു. അതിനിടെ, കാലിഫോര്‍ണിയയില്‍ ഒരാള്‍ക്കു വൈറസ് സ്ഥിരീകരിച്ചതോടെ യു.എസില്‍ കൊവിഡ് മരണം 11 ആയി ഉയര്‍ന്നു. വാഷിങ്ടണിനു പുറത്ത് ആദ്യമായാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ കാലിഫോര്‍ണിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്‌റാഈലുമായി ചേര്‍ന്ന് നടത്താനിരുന്ന സംയുക്ത സൈനികാഭ്യാസം അമേരിക്ക ഉപേക്ഷിച്ചു. കൊവിഡിനെ നേരിടുന്നതിന് യു.എസ് കോണ്‍ഗ്രസ് 830 കോടി ഡോളറിന്റെ അടിയന്തര പാക്കേജ് അംഗീകരിച്ചിട്ടുണ്ട്.
കൊവിഡ് ബാധ ദക്ഷിണാഫ്രിക്കയിലും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍നിന്നെത്തിയ 38കാരനില്‍നിന്നാണ് ദക്ഷിണാഫ്രിക്കയില്‍ വൈറസെത്തിയത്. സെനഗല്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നേരത്തെ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ കൊവിഡ് മരണം 3,000 കടന്നു. ഹംഗറി, സ്‌ലോവേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഇന്നലെ കൊവിഡ് ആദ്യമായി സ്ഥിരീകരിച്ചു. ഇറാനിയന്‍ വിദ്യാര്‍ഥികളില്‍നിന്നാണ് ഹംഗറിയില്‍ രോഗം പകര്‍ന്നത്. ജര്‍മനിയില്‍ ഇന്നലെ മാത്രം 109 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യേശുവിന്റെ ജന്മഗേഹമെന്നു കരുതുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബത്‌ലഹേമിലെ പുരാതന ദേവാലയം കൊവിഡ് മൂലം അടച്ചിടാന്‍ തീരുമാനിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ അവിടേക്കുള്ള വിദേശ സന്ദര്‍ശകരുടെ യാത്ര ഫലസ്തീന്‍ രണ്ടാഴ്ചത്തേക്ക് നിരോധിച്ചു.
ചൈനയില്‍ ബുധനാഴ്ച 139 പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായി ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. കൊവിഡ് ഭീതി മൂലം ലോകമാകെ വിമാനക്കമ്പനികള്‍ക്ക് 11,300 കോടി ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്‍ പറഞ്ഞു. കഴിഞ്ഞ മാസം ഈവര്‍ഷം 2930 കോടി ഡോളര്‍ നഷ്ടമാണ് കണക്കാക്കിയിരുന്നത്.
കൊവിഡ് വ്യാപനം മൂലം ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് അന്താരാഷ്ട്ര നാണ്യനിധി എം.ഡി ക്രിസ്റ്റലീന ജോര്‍ജിയേവ. 2.9 ശതമാനം വളര്‍ച്ചയാണ് നേരത്തെ ഐ.എം.എഫ് പ്രവചിച്ചിരുന്നത്. കൊവിഡ് ബാധിച്ച ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ ഐ.എം.എഫ് 5000 കോടി ഡോളര്‍ അടിയന്തര സഹായം അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."