എക്‌സൈസിന്റെ ആസ്ഥാന മന്ദിരം; പുലിവാലു പിടിച്ച് റവന്യു വകുപ്പ്
മാനന്തവാടി: ഭൂമിയിടപാടുകള്‍ക്കായി ജനത്തെ ഓഫിസുകള്‍ തോറും നടത്തിക്കുന്ന റവന്യു വകുപ്പിനും റീ സര്‍വേയിലെ അപാകത പാരയായി. സര്‍ക്കാര്‍ ഭൂമിയാണെന്ന് കരുതി റവന്യു വകുപ്പ് എക്‌സൈസ് വകുപ്പിന് കൈമാറാനിരുന്ന ഭൂമിയാണ് റവന്യു വകുപ്പിനെ പുലി വാലു പിടിപ്പിച്ചത്. ജില്ലയില്‍ സ്വന്തമായി ആസ്ഥാന മന്ദിരമില്ലാതിരുന്ന എക്‌സൈസ് വകുപ്പിന് ആസ്ഥാന മന്ദിരം നിര്‍മിക്കാനാണ് ഭൂമി കണ്ടെത്തിയത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വൈത്തിരി പൊലിസ് ക്വാട്ടേഴ്‌സിനോട് ചേര്‍ന്ന ഭൂമി കണ്ടെത്തുകയും റവന്യു വകുപ്പിനെ സമീപിക്കുകയുമായിരുന്നു. രേഖകള്‍ പരിശോധിച്ച റവന്യു വകുപ്പ് സംശയമേതുമില്ലാതെ റവന്യു ഭൂമിയാണെന്നറിയിച്ചു. ഇതു പ്രകാരം പ്രസ്തുത ഭൂമിയില്‍ നിന്നും 50 സെന്റ് ഭൂമി എക്‌സൈസ് വകുപ്പിന് നല്‍കാനും അവിടെ 20 കോടി രൂപാ ചെലവഴിച്ച് മനോഹരമായ കെട്ടിടം പണിയാനും തത്വത്തില്‍ തീരുമാനമാവുകയും ചെയ്തു. ഭൂമി എക്‌സൈസ് വകുപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്കും കലക്ടര്‍ സബ് കലക്ടര്‍ക്കും വൈത്തിരി തഹസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കി. കാടുമൂടി കിടക്കുന്ന സ്ഥലം താലൂക്ക് സര്‍വേയര്‍ അളന്നു നല്‍കുന്നതിന് മുന്നോടിയായി എക്‌സൈസ് വകുപ്പ് സ്വന്തം കീശയില്‍ നിന്നും പണം ചെലവഴിച്ച് ജെ.സി.ബി ഉപയോഗിച്ച് സ്ഥലം പാകപ്പെടുത്തല്‍ നടപടികളാരംഭിച്ചു. വിവരമറിഞ്ഞ് ജില്ലാ പൊലിസ് ചീഫ് നടപടിയെടുക്കാന്‍ വൈത്തിരി എസ്.ഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പൊലിസെത്തി ജെ.സി.ബിയും ജീവനക്കാരനെയും കസ്റ്റഡിയിലെടുക്കുകയും ഇവര്‍ക്കെതിരേ തങ്ങളുടെ സ്ഥലത്ത് അതിക്രമിച്ച് കയറി നാശ നഷ്ട്ടങ്ങള്‍ വരുത്തിയെന്ന വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പൊലിസിന് നല്‍കിയ ഭൂമിയുടെ രേഖകള്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കലക്ടറുടെ മേശപ്പുറത്തെത്തിക്കുകയും ചെയ്തു. പൊലിസ് ഭൂമിയില്‍ അതിക്രമിച്ചു കടന്നതിനെതിരെ കേസും പിഴയും ചുമത്തി. അപ്പോഴാണ് റീസര്‍വേയിലെ പാകപ്പിഴ മൂലമാണ് പൊലിസ് ഭൂമി തങ്ങളുടെതെന്ന് തെറ്റിദ്ധരിച്ച് എക്‌സൈസിന് കൈമാറാന്‍ തുനിഞ്ഞതെന്ന് ബോധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."