സംഭവ ബഹുലമായ ജീവിതാധ്യായത്തിന് അന്ത്യം
ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമായിരുന്നു. രാഷ്ട്രീയത്തില്‍ എന്നും തന്റേതായ ഒരു വഴിവെട്ടിത്തുറന്ന നേതാവായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നാടകീയത എന്ന വാക്ക് അതിന്റെ എല്ലാ അര്‍ഥതലങ്ങളോടും കൂടെ ജീവിതത്തെ തൊട്ട മറ്റൊരു വ്യക്തിയുണ്ടാകുമോ എന്നത് സംശയമാണ്.
1930ല്‍ മംഗലാപുരത്ത് ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജന നം. ആത്മീയ പശ്ചാത്തലത്തില്‍ ജീവിച്ച അദ്ദേഹം വൈദികനാകാന്‍ തീരുമാനിച്ച് സെമിനാരിയില്‍ ചേര്‍ന്നെങ്കിലും വൈദിക ജീവിതത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയില്‍ ആ രംഗത്തുനിന്നും വിട്ടു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടം ആരംഭിക്കുന്നത്.
സോഷ്യലിസ്റ്റ് ആശയങ്ങളോട് വലിയ പ്രതിപത്തി കാണിച്ച അദ്ദേഹം മുംബൈ(ബോംബെ)യിലേക്ക് വണ്ടികയറി. പിടിച്ചു നില്‍ക്കാന്‍ ജോലിവേണമെന്നുള്ളതുകൊണ്ട് ഒരു പത്രത്തില്‍ പ്രൂഫ് റീഡറായി ജോലിക്ക് കയറി. പിന്നീട് അവിടെ നിന്ന് തൊഴിലാളികളുടെ അമരക്കാരനായി വളരെ വേഗത്തില്‍ അദ്ദേഹം മാറി. തുറമുഖ തൊഴിലാളികളുടെയും റയില്‍വേ ജീവനക്കാരുടെയും നേതാവായി . റാം മനോഹര്‍ ലോഹ്യയുമായുള്ള പരിചയത്തിലൂടെ പിന്നീട് മുംബൈയിലെ ഒന്നാംനിര ട്രേഡ് യൂണിയന്‍ നേതാവായി വളര്‍ന്നു.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് തീയില്‍ കുരുത്ത നേതാവായി ഉയര്‍ന്നു. പൗരാവകാശം നിഷേധിക്കപ്പെട്ടതോടെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. അടിയന്തരാവസ്ഥ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ദിരാ ഗാന്ധി പ്രസംഗിച്ച വേദിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെങ്കിലും പിടിയിലായി. എന്നിട്ടും അദ്ദേഹത്തിന്റെ വീറും വാശിയും ഒട്ടും കുറഞ്ഞില്ല. അവിടെനിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള വളര്‍ച്ചയായിരുന്നു പിന്നീട് ഫെര്‍ണാണ്ടസിലൂടെ ജനങ്ങള്‍ കണ്ടത്.
അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുപിന്നാലെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ ജയിലിലായിരിക്കെ ബിഹാറിലെ മുസാഫര്‍പൂരില്‍നിന്ന് അദ്ദേഹം മത്സരിച്ചു. മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. വിദ്യാഭ്യാസം പരിമിതമായിരുന്നെങ്കിലും ഇംഗ്ലിഷിലും ഹിന്ദിയിലും ആരേയും ഞെട്ടിപ്പിക്കുന്ന രീതിയിലായിരുന്നു പ്രസംഗം.
വാര്‍ത്താവിനിമയം, റയില്‍വേ, പ്രതിരോധ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച ജോര്‍ജ് ഫെര്‍ണാണ്ടസിനെ 'സൈനികരുടെ മന്ത്രി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പ്രതിരോധമന്ത്രിയായിരിക്കെ സൈനികരെ കാണാന്‍ നാലു വര്‍ഷത്തിനുള്ളില്‍ 38 തവണ ജോര്‍ജ് ഫെര്‍ണാണ്ടസ് സിയാച്ചിനിലെത്തിയിരുന്നു.
വാക്കും പ്രവൃത്തിയും ഒന്നിച്ചുപോകണമെന്നായിരുന്നു എക്കാലത്തും അദ്ദേഹം വാശിപിടിച്ചിരുന്നത്. ഇത് ഒരുപക്ഷെ സെമിനാരിയില്‍ പഠിച്ചതിന്റെ പ്രത്യേകതയായി പലരും വിശ്വസിച്ചു. എന്നാല്‍ പ്രായം കൂടുന്തോറും അദ്ദേഹത്തിന്റെ നിലപാടുകളില്‍ കാര്‍ക്കശ്യമില്ലാതായി. മൊറാര്‍ജി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരിക്കെ കൊക്കോകോളയോടും ഐ.ബി.എമ്മിനോടും ഇന്ത്യ വിടാന്‍ കല്‍പിച്ച അദ്ദേഹം പിന്നീട് എന്‍.ഡി.എ സഖ്യത്തിന്റെ കണ്‍വീനറായപ്പോള്‍ നിലപാട് മാറ്റി. ആഗോള ഭീമന്മാര്‍ക്ക് പിന്തുണ നല്‍കുന്ന നേതാവെന്ന ആരോപണം ഉയരുകയും ചെയ്തു. തന്റെ ഏക മകന് ന്യൂയോര്‍ക്കില്‍ 'ഗോള്‍ഡ്മാന്‍ സാക്‌സി'ല്‍ ഉന്നത ജോലി സംഘടിപ്പിച്ചു നല്‍കിയെന്ന ആരോപണവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഇന്ത്യയുടെ ഒന്നാമത്തെ ശത്രു ചൈനയെന്നു വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. മ്യാന്‍മറിലെ വിമത പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക വസതിയില്‍ അഭയം കൊടുക്കുന്നതും രാജീവ് ഗാന്ധിയുടെ ഘാതകരായ എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ക്കായുള്ള ധനസമാഹരണ സമിതിയിലുള്‍പ്പെടുന്നതും അദ്ദേഹത്തിനെതിരായ വിവാദങ്ങള്‍ക്ക് ശക്തിപകര്‍ന്നു.
മുന്നണി രാഷ്ട്രീയത്തിന്റെ മര്‍മം അറിഞ്ഞ നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. 24 പാര്‍ട്ടികളുടെ മുന്നണിയുമായി പ്രധാനമന്ത്രി വാജ്‌പെയ് അധികാരത്തിലേറിയപ്പോള്‍ ഈ സഖ്യത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ബിഹാറില്‍ ലാലുപ്രസാദ് യാദവിനെ നേരിടാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടിയും ബി.ജെ.പിയുമായുണ്ടാക്കിയ പ്രാദേശിക സഖ്യമാണ് 1998ല്‍ എന്‍.ഡി.എ രൂപീകരണത്തിലേക്ക് വളര്‍ന്നത്. അതേസമയം ബി.ജെ.പിയുടെ ഹിന്ദുത്വ അജന്‍ഡയോട് എന്നും അദ്ദേഹം അകന്നു നിന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ മതേതര പ്രതിച്ഛായയില്‍ രാഷ്ട്രീയ കക്ഷികള്‍ ആകൃഷ്ടരായി. ഇതാണ് എന്‍.ഡി.എ കണ്‍വീനറായി ഫെര്‍ണാണ്ടസ് ചുമതലയേറ്റപ്പോള്‍ മതേതര കക്ഷികള്‍ സഹകരിക്കാന്‍ തയാറായത്. വാജ്‌പെയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതില്‍ വലിയ പങ്കാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനുണ്ടായിരുന്നത്.
1967ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചുകൊണ്ടായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കുടിയേറ്റം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മഹാരഥനായ നേതാവ് എസ്.കെ പാട്ടീലിനെ തോല്‍പ്പിച്ചതോടെ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ 'ജയന്റ് കില്ലര്‍' എന്ന പേരിനര്‍ഹനാക്കി.
1989ല്‍ വി.പി സിങ് അധികാരത്തിലേറിയപ്പോള്‍ ഫെര്‍ണാണ്ടസ് റെയില്‍വേ മന്ത്രിയായി.
മലയാളിയായ ഇ. ശ്രീധരന്റെ എന്‍ജിനീയറിങ് മികവില്‍ കൊങ്കണ്‍ പാത പൂര്‍ത്തിയാകുമ്പോള്‍ അതിന് പിന്നിലെ സുപ്രധാന പിന്തുണ റയില്‍വേ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റേതായിരുന്നു.
ജനതാദള്‍ പല പാര്‍ട്ടികളായി പിളര്‍ന്നുതുടങ്ങിയ 1990കളുടെ മധ്യത്തില്‍ ഫെര്‍ണാണ്ടസും സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. ബിഹാറില്‍ ലാലുപ്രസാദ് യാദവിനെ നേരിടാനായി 1994ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ്‌കുമാറും ചേര്‍ന്നാണ് സമതാ പാര്‍ട്ടി സ്ഥാപിച്ചത്. അതില്‍ പിന്നെയാണ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തിലെയും ആശയത്തിലെയും സുപ്രധാന വഴിത്തിരിവുകള്‍ സംഭവിച്ചത്.
ആര്‍.എസ്.എസിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്, പിന്നീട് 1996ല്‍ സമതാ പാര്‍ട്ടിയുമായി ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറി.
സോഷ്യലിസ്റ്റെന്ന നിലയില്‍ ആര്‍.എസ്.എസിനോട് അകല്‍ച്ച പാലിച്ചിരുന്ന അദ്ദേഹം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് കരുത്തുപകര്‍ന്നത് അക്കാലത്തെ രാഷ്ട്രീയാത്ഭുതങ്ങളില്‍ ഒന്നായിരുന്നു.
സമതാ പാര്‍ട്ടി ക്ഷയിച്ചു തുടങ്ങിയതോടെ ശരദ് യാദവിന്റെ ജെ.ഡി.യുവിലേക്ക് ചേക്കേറിയ ഫെര്‍ണാണ്ടസിന് പിന്നീട് അസ്തമയകാലമായിരുന്നു. നിതീഷിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണു ഫെര്‍ണാണ്ടസ് സമതാ പാര്‍ട്ടിയെ ജെ.ഡി.യുവില്‍ ലയിപ്പിക്കാന്‍ സമ്മതിച്ചത്.
ഇക്കാര്യത്തില്‍ ജയാ ജയ്റ്റ്‌ലിയുടെ എതിര്‍പ്പും ഫെര്‍ണാണ്ടസ് വകവച്ചില്ല. എന്നാല്‍, ജെ.ഡി.യുവില്‍ മത്സരിക്കാന്‍ സീറ്റ് പോലും കിട്ടാതായപ്പോള്‍ 2009ല്‍ മുസാഫര്‍പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ സ്വതന്ത്രനായി മത്സരിച്ചുവെങ്കിലും തോറ്റു.
പിന്നീട് നിതീഷ് കുമാറിന്റെയും ശരത് യാദവിന്റെയും പിന്തുണയോടെ രാജ്യസഭയിലത്തെിയെങ്കിലും അനാരോഗ്യം വലച്ചു. 2010ല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച് പൊതുരംഗം വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."