എ ഡിവിഷന്‍ ലീഗില്‍ 200 വിക്കറ്റ് നേട്ടവുമായി റാഫി
കല്‍പ്പറ്റ: വയനാട് ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ മികച്ച നേട്ടവുമായി ബത്തേരി എക്‌സിക്യൂട്ടീവ്‌സിന്റെ കപ്പിത്താന്‍ മുഹമ്മദ് റാഫി. എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ 200 വിക്കറ്റെന്ന നേട്ടമാണ് ഈ കുപ്പാടിക്കാന്‍ താണ്ടിയത്. 14ാം വയസില്‍ എ ഡിവിഷന്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച റാഫി നീണ്ട 14 വര്‍ഷങ്ങള്‍ക്കിടെയാണ് സ്വപ്നസമാനമായ നേട്ടം കൈയ്യെത്തി പിടിച്ചത്. റാഫിയുടെ മികവില്‍ എക്‌സിക്യൂട്ടീവ്‌സ് തുടര്‍ച്ചയായി 10 തവണയാണ് എ ഡിവിഷന്‍ ചാംപ്യന്‍മാരായത്. ഇതില്‍ അവസാന മൂന്നുതവണയും റാഫിയായിരുന്നു നായകന്‍. 95 മത്സരങ്ങളില്‍ നിന്നാണ് ബൗളിങ് ഓള്‍റൗണ്ടറായ റാഫിയുടെ ഈ പ്രകടനം. ജില്ലയില്‍ എ ഡിവിഷന്‍ ലീഗില്‍ നിന്ന് 200 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യതാരവും റാഫിയായിരിക്കും. നിലവില്‍ വയനാട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് റാഫി.
ജില്ലക്കായി വിവിധ കാറ്റഗറിയില്‍ 247 വിക്കറ്റുകളും റാഫി നേടിയിട്ടുണ്ട്. ജില്ലാ ടീമിനായി 82 മത്സരങ്ങളിലെ 142 ഇന്നിങ്‌സുകളില്‍ നിന്നാണ് റാഫിയുടെ 247 വിക്കറ്റ് നേട്ടം. പുറമെ എക്‌സിക്യൂട്ടീവിനായി മറ്റ് മത്സരങ്ങളില്‍ 83 വിക്കറ്റും റാഫിയുടെ പേരിലുണ്ട്. ജില്ലാ ടീമിന്റെ ക്യാപ്റ്റന്‍ എന്നതിനൊപ്പം കൃഷ്ണഗിരി സ്‌റ്റേഡിയത്തിന്റെ ക്യൂറേറ്റര്‍ കൂടിയാണ് റാഫി. ഇന്ത്യന്‍ താരങ്ങളായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ്, ടിനു യോഹന്നാന്‍, സൈറാജ് ബഹുതുലെ എന്നിവരുടെ കീഴില്‍ ലഭിച്ച കോച്ചിങ് തന്റെയുള്ളിലെ ബൗളറെ രാകിമിനുക്കി മൂര്‍ച്ചയുള്ളതാക്കിയതായി ഈ വലംകയ്യന്‍ പേസ് ബൗളര്‍ പറയുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും കോച്ചുമാരുടെയും മികച്ച പിന്തുണയാണ് തന്റെ പ്രകടനത്തിന് എന്നും പ്രചോദനമായതെന്നും റാഫി പറഞ്ഞു. ബി.സി.സി.ഐ ക്യൂറേറ്റര്‍ പി.ആര്‍ വിശ്വനാഥന്‍, ഇപ്പോള്‍ ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഹെഡ് ക്യൂറേറ്ററായ അനൂപ്, മോഹനന്‍, മോഹന്‍രാജ്, ഹംസ എന്നിവരുടെ കീഴില്‍ അസിസ്റ്റന്റ് ക്യൂറേറ്ററായും റാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ എതിര്‍ടീമിന് ഭീഷണി സൃഷ്ടിക്കുന്ന റാഫി കുപ്പാടി നാട്ടുക്കല്ലിങ്കല്‍ ഉസ്മാന്റെയും ഹസീനയുടെയും മകനാണ്. ഭാര്യ ഷര്‍മിന. എസ്.ബി.ടി ബി ടീം താരം ഫിറോസ് ഖാന്‍ സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."