കേന്ദ്ര സര്‍വകലാശാലകളില്‍ 16 മുതല്‍ അപേക്ഷിക്കാം
രാജ്യത്തെ 15 കേന്ദ്രസര്‍വകലാശാലകള്‍, നാല് സംസ്ഥാന സര്‍വകലാശാലകള്‍, ഒരു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ 2020 ഇന്റഗ്രേറ്റഡ്. യു.ജി, പി.ജി, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇതിനായുള്ള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി പൊതുപ്രവേശനപരീക്ഷ (സി.യു.സി ടി2020) മെയ് 23 നും 24 നും നടക്കും. അപേക്ഷwww.cucetexam.in
വഴി ഈ മാസം 16 മുതല്‍ ഏപ്രില്‍ 11 വരെ നല്‍കാം.
ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്ക് 800 രൂപയാണ് ഫീസ്. പട്ടികവിഭാഗത്തിന് 350 രൂപ. ഭിന്നശേഷിവിഭാഗത്തിന് ഫീസ് ഇല്ല.
മൂന്ന് സര്‍വകലാശാലകളിലെ മൂന്ന് പ്രോഗ്രാമുകള്‍ക്കാണ് ഈ ഫീസ് ബാധകം. അധികം ഫീസടച്ച് കൂടുതല്‍ സര്‍വകലാശാലകളിലെ പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കശ്മീര്‍, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, സൗത്ത് ബിഹാര്‍, തമിഴ്‌നാട്, മഹാത്മാഗാന്ധി കേന്ദ്ര സര്‍വകലാശാല (ബിഹാര്‍), അസം യൂനിവേഴ്‌സിറ്റി (സില്‍ചര്‍) എന്നീ കേന്ദ്ര സര്‍വകലാശാലകളിലേക്കും.
ബാബ ഗുലാംഷാ ബാദ്ഷാ സര്‍വകലാശാല (രജൗറി), ഡോ. ബി.ആര്‍. അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ബംഗളൂരു, സര്‍ദാര്‍പട്ടേല്‍ യൂനിവേഴ്‌സിറ്റി ഓഫ് പൊലിസ് സെക്യൂരിറ്റി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് (ജോധ്പുര്‍), ഖല്ലിക്കോട്ട് സര്‍വകലാശാല (ബര്‍ഹാംപുര്‍, ഒഡിഷ) എന്നീ സംസ്ഥാന സര്‍വകലാശാലകളിലേക്കും തിരുച്ചിറപ്പള്ളി എന്‍.ഐ.ടിയില്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വര്‍ഷം തുടങ്ങുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എം.എ. പ്രോഗ്രാമിലേക്കുമാണ് പ്രവേശന പരീക്ഷ.
കേരളത്തില്‍ കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്.ഡി അടക്കം 51 പ്രോഗ്രാമുകളാണുള്ളത്. ബി.എ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് മാത്രമാണ് ബിരുദ പ്രോഗ്രാം. 63 സീറ്റുണ്ട്.
കേരളത്തില്‍ കണ്ണൂര്‍ (തലശേരി), കാസര്‍കോട്, കൊച്ചി, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, വയനാട് (കല്‍പറ്റ) എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. യോഗ്യതാ കോഴ്‌സിന്റെ അവസാനവര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."