പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന് രാജകുടുംബം
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ സ്വത്താണെന്ന മുന്‍ നിലപാട് മാറ്റി തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം ഇന്നലെ സുപ്രികോടതിയെ അറിയിച്ചു.
ക്ഷേത്രസ്വത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് രാജകുടുംബം സമര്‍പ്പിച്ചതുള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികളാണ് നിലവില്‍ സുപ്രിംകോടതിയിലുള്ളത്. കേസിലെ അന്തിമവാദം ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് മുന്‍പാകെ ഇന്നലെ തുടങ്ങിയപ്പോഴാണ് രാജകുടുംബത്തിന്റെ നിലപാട് മാറ്റം. കേസില്‍ ഇന്നും വാദം തുടരും.
പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യസ്വത്താണെന്ന് നേരത്തെ കേരളാ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് മാറ്റിയതായി രാജകുടുംബം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ കുടുംബസ്വത്തോ സ്വകാര്യസ്വത്തോ അല്ലെന്നും പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണ് ക്ഷേത്രസ്വത്തെന്നും രാജകുടുംബത്തിനുവേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാല്‍ അറിയിച്ചു.
ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തങ്ങള്‍ ഉന്നയിക്കുന്നില്ല. ധാരാളം സവിശേഷതകളുള്ള ക്ഷേത്രമാണിത്. അതിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണ്. ക്ഷേത്രം നോക്കിനടത്താനുള്ള ഭരണപരമായ അവകാശം തങ്ങള്‍ക്കു വേണമെന്നും ക്ഷേത്രഭരണത്തില്‍ രാജ കുടുംബത്തിന് അവകാശമില്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും കുടുംബം വാദിച്ചു. 1930ന് ശേഷം ബി നിലവറ തുറന്നതിന് ചരിത്രരേഖകള്‍ ഉണ്ടോയെന്ന് വാദത്തിനിടെ ജസ്റ്റിസ് യു.യു ലളിത് ചോദിച്ചു. ക്ഷേത്രത്തിലെ ഒന്നൊഴികെ എല്ലാ നിലവറകളും തുറന്ന് കണക്കെടുപ്പ് നടത്തിക്കഴിഞ്ഞതായും ആചാരപരമായ ചില കാരണങ്ങളാല്‍ ബി നിലവറ തുറന്നിട്ടില്ലെന്നും രാജകുടുംബം അറിയിച്ചു.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത ഇതിനെ ഖണ്ഡിച്ചു. ബി നിലവറ പലതവണ തുറന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ആവശ്യം വരുമ്പോള്‍ വധിപറയാമെന്നും കോടതി വ്യക്തമാക്കി. കേസിലെ അമികസ്‌ക്യൂറി പദവിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം നേരത്തേ ഒഴിഞ്ഞിരുന്നു. പകരം പുതിയ അമികസ് ക്യൂറിയെ നിയമിക്കേണ്ടതില്ലെന്ന് കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."