കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപക നിയമനം ചട്ടം ലംഘിച്ച്
#വി.കെ പ്രദീപ്
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. ജയപ്രസാദ് ഉള്‍പ്പെടെ ആറ് അധ്യാപകരുടെ നിയമനം ചട്ടം ലംഘിച്ചെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി).
പി.വി.സിക്ക് പുറമെ ജിനോമിക് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍മാരായ അളക് മാണിക്യ വേലു, പത്മേഷ് പിള്ള, ബയോകെമിസ്ട്രി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അശ്വതി നായര്‍, എക്കണോമിക്‌സ് അസോസിയേറ്റ് പ്രൊഫസര്‍ കെ.സി ബൈജു, ജിനോമിക് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്മിത സുധീര്‍ എന്നിവരാണ് നിശ്ചിത യോഗ്യതയില്ലാതെ അധ്യാപകരായതെന്ന് സി.എ.ജി കണ്ടെത്തി. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 14 വരെ നടന്ന സി.എ.ജി ഓഡിറ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്.
അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലാത്ത ജയപ്രസാദ്, പ്രൊഫസര്‍, ഡീന്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, പി.വി.സി എന്നീ പദവികളിലെത്തി. കെ.സി ബൈജു ഇപ്പോള്‍ പ്രൊഫസറാണ്. അളക് മാണിക്യ വേലു യു.ജി.സി മാനദണ്ഡപ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ അര്‍ഹനല്ലെന്നാണ് കണ്ടെത്തല്‍. ഈ അധ്യാപകന് കീഴില്‍ ഗവേഷണം നടത്തി ഒരാള്‍പോലും പിഎച്ച്.ഡി നേടിയിട്ടില്ല. എട്ടുവര്‍ഷത്തെ അധ്യാപന പരിചയവുമില്ല. അഞ്ചുവര്‍ഷത്തെ ഗവേഷണ കാലയളവാണ് അധ്യാപന പരിചയമായി കാണിച്ചിട്ടുള്ളത്.
2012ല്‍ പിഎച്ച്.ഡി നേടിയ പത്മേഷ് പിള്ള തൊട്ടടുത്ത വര്‍ഷമാണ് അസോസിയേറ്റ് പ്രൊഫസറാകാന്‍ അപേക്ഷിക്കുന്നത്. പത്മേഷ് പിള്ളക്കും അധ്യാപന പരിചയമില്ലെന്നും പി.എച്ച്.ഡിക്കാരെ സൃഷ്ടിക്കാനോ ഗുണനിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാനോ കഴിഞ്ഞിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എം.എസ്‌സി ബോട്ടണിയിലാണ് ഇദ്ദേഹത്തിന് പി.ജിയുള്ളത്.
അശ്വതി നായര്‍ക്ക് ഏഴുവര്‍ഷവും എട്ടുമാസവുമാണ് പ്രവൃത്തിപരിചയം. ഇവര്‍ക്ക് എട്ടു വര്‍ഷം തികയ്ക്കാനായി അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. എന്നിട്ടും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം കാണിക്കുന്ന അപേക്ഷ സമര്‍പ്പിക്കാനായില്ല. പി.എച്ച്.ഡിക്കാരെയും സൃഷ്ടിച്ചിട്ടില്ല. കെ.സി ബൈജുവിനും ആവശ്യമായ യോഗ്യതയുണ്ടായിരുന്നില്ല. സ്മിതാ സുധീറിന് 2009ലെ സര്‍വകലാശാല റെഗുലേഷന്‍ പ്രകാരമുള്ള മിനിമം യോഗ്യതയായ പി.എച്ച്.ഡിയോ നെറ്റോ ഇല്ല. ബെര്‍ലിന്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ ഓഫ് നാച്വറല്‍ സയന്‍സ് ഡിഗ്രിയുടെ ബലത്തിലാണ് നിയമനം നേടിയത്. അപേക്ഷയില്‍ പറയുന്ന മറ്റ് യോഗ്യതകളൊന്നുമില്ല.
കൊല്ലം എസ്.എന്‍ കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്ന ജയപ്രസാദ് ഡെപ്യൂട്ടേഷനിലാണ് കേന്ദ്ര സര്‍വകലാശാലയില്‍ എത്തുന്നത്. 2013ലെ വിജ്ഞാപനപ്രകാരം ജയപ്രസാദിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പറ്റില്ല. എന്നാല്‍, പിന്‍വാതിലിലൂടെ സര്‍വകലാശാലയിലെത്തിയ ജയപ്രസാദിനെ അസോസിയേറ്റ് പ്രൊഫസറാക്കുന്നതിനായി 2015ല്‍ അധ്യാപക നിയമനത്തിന് പുനര്‍വിജ്ഞാപനമിറക്കി. ഇതിനുള്ള സബ്കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായിരുന്നു ജയപ്രസാദ്. ജെ.ആര്‍.എഫ് നെറ്റ് യോഗ്യതകളില്ല. പിഎച്ച്.ഡിക്കാരെ സൃഷ്ടിക്കാതെ സ്‌ക്രീനിങ് കമ്മിറ്റിയെ സ്വാധീനിച്ച് വ്യാജമായി സ്‌കോറുകള്‍ നേടി. ഈ സ്‌ക്രീനിങ് കമ്മിറ്റി നിയമപരമല്ലെന്നും സി.എ.ജി കണ്ടെത്തി.
ഡോ. ജി. ഗോപകുമാര്‍ വൈസ് ചാന്‍സലറായ 2014 ഓഗസ്റ്റ് മുതല്‍ കേന്ദ്ര സര്‍വകലാശാല നിയമവിരുദ്ധ നിയമനങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ കേസ് പരിഗണിക്കുന്നതിനിടയിലാണ് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."