വേനല്‍ ശക്തമാകാന്‍ സാധ്യതയില്ല; കൊടുംവരള്‍ച്ചയെന്നത് വ്യാജപ്രചാരണം: കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
വി.എസ് പ്രമോദ്
തിരുവനന്തപുരം: സംസ്ഥാനം കൊടുംവരള്‍ച്ചയിലേക്കാണ് പോകുന്നതെന്നുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെ തള്ളി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നതെന്നും കേരളത്തില്‍ വേനല്‍ ശക്തമാകുന്നതോ, വരള്‍ച്ച സംബന്ധിച്ചോ യാതൊരു നിഗമനവും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നടത്തിയിട്ടില്ലെന്ന് ഡയരക്ടര്‍ കെ. സന്തോഷ് സുപ്രഭാതത്തോട് പറഞ്ഞു.
കഴിഞ്ഞ അരനൂറ്റാണ്ടില്‍ 2017 വരെ കേരളത്തില്‍ ചൂട് കൂടിവരുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തില്‍ അന്‍പത് വര്‍ഷത്തിനിടെ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കേരളത്തില്‍ ചൂട് കൂടിയിട്ടുണ്ട്. 2018ല്‍ ഇതില്‍ മാറ്റമുണ്ടായി. ചൂട് കുറയുകയും ശക്തമായ മഴയും പിന്നീട് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിലേക്കും കേരളം എത്തി. 2019ന്റെ തുടക്കത്തില്‍ ചൂടിന്റെ ഏറ്റവും കുറഞ്ഞ അളവില്‍ തന്നെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വര്‍ഷം മുഴുവന്‍ ചൂട് കുറയുന്നതിനോ, മഴ കൂടുന്നതിനോ കാരണമാകില്ല.
ആഗോളതാപനത്തിന്റെ ഫലമായി ആഗോളതലത്തില്‍ ചൂട് കൂടിയതനുസരിച്ചാണ് കേരളത്തിലും ചൂട് കൂടിക്കൊണ്ടിരുന്നത്. പ്രളയവും വരള്‍ച്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ തണുപ്പോ, ചൂടോ കൂടുതലല്ല. വേനല്‍ ശക്തമാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും സന്തോഷ് പറയുന്നു.
2018ല്‍ കേരളത്തിന് 20 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. 2924.7 മില്ലീ മീറ്റര്‍ മഴ കേരളം കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചപ്പോള്‍ 3520.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു. 20 ശതമാനം അധിക മഴയാണ് കഴിഞ്ഞ തവണ സംസ്ഥാനത്തിന് ലഭിച്ചത്. കാസര്‍കോട് (-15), തൃശൂര്‍ (-6) എന്നീ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും അധിക മഴ ലഭിക്കുകയും ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ തീരെ കുറവ് മഴ ലഭിച്ചതായി രേഖപ്പെടുത്തിയിരുന്ന പാലക്കാട് 37 ശതമാനവും വയനാട് 18 ശതമാനവും അധിക മഴ ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പുതിയ വര്‍ഷത്തില്‍ ഇതില്‍ കാര്യമായ മാറ്റം ഉണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയരക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."